ആറ്റിങ്ങല്‍: മകളുടെ മകളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയെ 20-വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. പ്രതിയായ 72 വയസ്സുകാരനെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.20 വർഷം കഠിന തടവിന് പുറമേ നാലുലക്ഷം രൂപ പിഴ ശിക്ഷയുമുണ്ട്.
2019 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാൻ എത്തി കൂടെ താമസിച്ചു വന്ന ദിവസമാണ് പ്രതി മാതാവിനൊപ്പം താമസിച്ച് വന്നിരുന്ന പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയത്.
ബലാത്സംഗ കുറ്റം, പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കണ്ട കോടതി, പ്രതി 20 വർഷം കഠിനതടവ് ശിക്ഷയായി അനുഭവിക്കണമെന്നും, 4 ലക്ഷം രൂപ പിഴത്തുകയായി കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടു. പിഴ തുക കെട്ടിവെക്കുന്ന സാഹചര്യത്തില്‍ മൂന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്. പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ പ്രതി എട്ട് മാസം കഠിനതടവ് അധികമായി അനുഭവിക്കണം.