CrimeNEWS

മോഷണ വിവരം അറിയിച്ചപ്പോഴുള്ള പൊലീസിന്റെ ചോദ്യം നിരാശപ്പെടുത്തി, പക്ഷേ…

കൊച്ചി: പനമ്പിള്ളി നഗറിലെ വീട്ടില്‍നിന്ന് ഒരു കോടിയുടെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവിനെ പിടികൂടിയതിന് പിന്നാലെ പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ജോഷി. മോഷണ വിവരം അറിഞ്ഞയുടന്‍ പൊലീസിനെ വിളിച്ചപ്പോള്‍ ലഭിച്ച മറുപടിയടക്കമുള്ളവയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

പൊലീസിനോട് വിളിക്കുന്നത് ജോഷിയാണെന്ന് പറഞ്ഞിരുന്നില്ല. പനമ്പള്ളി നഗറിലെ ഒരു വീട്ടില്‍ മോഷണം നടന്നെന്നാണ് പറഞ്ഞത്. ഇതുകേട്ടതും പുത്തന്‍കുരിശിലാണോയെന്ന് പൊലീസ് ചോദിച്ചു. ആ ചോദ്യം തന്നെ നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിളിക്കാന്‍ പറഞ്ഞ് നമ്പര്‍ തന്നു. ആ നമ്പരില്‍ വിളിച്ചില്ല. പകരം നിര്‍മാതാവ് ആന്റോ ജോസഫിനെ വിളിച്ച് കാര്യം പറഞ്ഞു.

സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങള്‍ക്കാണ് പിന്നീട് താന്‍ സാക്ഷിയായത്. കമ്മീഷണറും ഡി സി പിയും അടക്കമുള്ള മുഴുവന്‍ സംഘവും ഉടന്‍ സ്ഥലത്തെത്തി. എ സി പി പി രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല. സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നും അല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ടപ്പോള്‍ മനസിലായി. സമൂഹത്തിനും പൊലീസ് സേനയ്ക്കും മാതൃകയാകുന്ന വിധത്തിലായിരുന്നു അന്വേഷണമെന്നും അത്രയും കഠിനാദ്ധ്വാനത്തിലൂടെയാണ് പ്രതി വലയിലായതെന്നും ജോഷി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ജോഷിയുടെ ‘ബി’ സ്ട്രീറ്റ് ‘അഭിലാഷം’ വീട്ടില്‍ കവര്‍ച്ച നടന്നത്. കുപ്രസിദ്ധ മോഷ്ടാവ് ‘ബിഹാര്‍ റോബിന്‍ഹുഡ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാന്‍ (34) ആണ് മോഷണം നടത്തിയത്.

അടുക്കളയുടെ ജനലിലൂടെ അകത്തുകടന്ന പ്രതി മുകള്‍നിലയിലെ രണ്ട് മുറികളില്‍ നിന്ന് 25 ലക്ഷം രൂപയുടെ വജ്ര നെക്ലേസ്, എട്ട് ലക്ഷം രൂപയുടെ 10 വജ്രക്കമ്മലുകള്‍, 10 മോതിരങ്ങള്‍, 10 സ്വര്‍ണമാലകള്‍, 10 വളകള്‍, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങിയവയാണ് കവര്‍ന്നത്. രാവിലെ ആറോടെയാണ് എറണാകുളം സൗത്ത് പൊലീസ് വിവരം അറിഞ്ഞത്.

പരാതി ലഭിച്ച് 10 മണിക്കൂറിനകം മോഷ്ടാവ് പിടിയിലായി. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വച്ചാണ് മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായത്. ആഭരണങ്ങള്‍ പ്രതിയുടെ കാറില്‍ നിന്ന് കണ്ടെടുത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: