IndiaNEWS

”ലാലു കുറേ മക്കളെ ഉണ്ടാക്കി, ആരായാലും ഇത്രയൊന്നും പാടില്ല”! വിവാദ പ്രസ്താവനയുമായി നിതീഷ് കുമാര്‍

പട്ന: ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നാണ് നിതീഷിന്റെ പ്രസ്താവന. ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോയെന്നും നിതീഷ് ചോദിച്ചു. തിരഞ്ഞെടുപ്പു റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമര്‍ശം.

ആര്‍ജെഡിയിലെ കുടുംബാധിപത്യത്തെ വിമര്‍ശിക്കുന്നതിനിടെയാണ് നിതീഷ് ഒമ്പത് മക്കളുള്ള ലാലുവിനെ വ്യക്തിപരമായി കടന്നാക്രമിച്ചത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ ഭാര്യയെ ലാലു മുഖ്യമന്ത്രിയാക്കി. ഇപ്പോള്‍ രണ്ടാണ്‍മക്കള്‍ക്കു പുറമെ പെണ്‍മക്കളെയും ലാലു രാഷ്ട്രീയത്തിലിറക്കിയെന്നു നിതീഷ് കുറ്റപ്പെടുത്തി.

Signature-ad

ലാലു യാദവിന്റെ പെണ്‍മക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് നിതീഷിന്റെ പരാമര്‍ശം. രാജ്യസഭാംഗമായ മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിലും പുതുമുഖമായ രോഹിണി ആചാര്യ സാരന്‍ മണ്ഡലത്തിലുമാണ് മല്‍സരിക്കുന്നത്.

ലാലുവിന്റെ രണ്ടാണ്‍മക്കളും നിയമസഭാ അംഗങ്ങളാണ്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുന്‍മന്ത്രി തേജ് പ്രതാപ് യാദവും. ലാലുവിന്റെ പത്നി റാബ്റി ദേവി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമാണ്. ലാലു പ്രസാദ് യാദവ് – റാബ്റി ദേവി ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമാണുള്ളത്.

 

 

Back to top button
error: