ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. ഇലക്ടറല്‍ ബോണ്ടിൻ്റെ ഇരുണ്ട മൂലയില്‍ ഇരുന്നുകൊണ്ടാണ് പ്രധാനമന്ത്രി അഴിമതിക്കെതിരെ സംസാരിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ആഗോള പട്ടികയില്‍ രാജ്യം കൂപ്പുകുത്തി. എന്നിട്ട് രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് പറയുന്നു. ഇതിനെക്കാള്‍ നിർഭാഗ്യകരമാണ് മതത്തിന്റെ പേരില്‍ വോട്ട് പിടിക്കാനുള്ള സാധ്യത ചികയുന്നത്. നുണപ്രചരണങ്ങളില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വരെ മുന്നിട്ടു നിൽക്കുന്നു.
സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ ഉന്മൂലന തന്ത്രങ്ങളും മതവികാരങ്ങളെ കുത്തിയുണർത്തലും രാഷ്‌ട്രീയ പാർട്ടികള്‍ പരസ്പരം നടത്തുന്ന അധിക്ഷേപങ്ങളും നുണപ്രചാരണങ്ങളുമൊക്കെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ലോകത്തിനു മുൻപിൽ അപഹാസ്യമാക്കുകയാണ്.
ചന്ദ്രനിൽ വെള്ളമുണ്ടോ ചൊവ്വയിൽ ജീവൻ ഉണ്ടോ എന്നൊക്കെ പര്യവേഷണം നടത്തിയിരുന്ന ഒരു രാജ്യം ഇന്ന് പള്ളിയുടെ അടിയിൽ വിഗ്രഹം ഉണ്ടോ, താജ്‌മഹലിന്റെ ഉള്ളിൽ അമ്പലം ഉണ്ടോ ചാണകത്തിൽ സ്വർണ്ണമുണ്ടോ, കോഴി പക്ഷിയാണോ മൃഗമാണോ എന്നീ പരീക്ഷണങ്ങളിലെത്തി നിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാക്കൾ പരിഹസിച്ചു