അമരാവതി: കാറിന് മുകളില്‍ മൃതദേഹവുമായി ഡ്രൈവര്‍ സഞ്ചരിച്ചത് 18 കിലോമീറ്റര്‍. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. ബൈക്കുമായി കാര്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടാകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഓടിക്കൊണ്ടിരുന്ന ടൊയോട്ട ഇന്നോവ കാറിന് മുകളില്‍ മൃതദേഹം കണ്ടെത്തിയത്. ഇത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് കാര്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബൈക്ക് ഓടിച്ചിരുന്ന ചോളസമുദ്രം സ്വദേശിയായ ട്രാക്ടര്‍ മെക്കാനിക്ക് ജിന്നി എറ സ്വാമി (35) ആണ് മരിച്ചത്. പൊലീസ് എത്തുന്നതിന് മുന്‍പെ കാര്‍ ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുയായിരുന്ന സ്വാമിയുടെ ബൈക്കിലേക്ക് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ സ്വാമി തെറിച്ച് കാറിന് മുകളിലേക്ക് വീണു. പിന്നാലെ കാര്‍ ഡ്രൈവര്‍ വാഹനവുമായി മുന്നോട്ട് പോകുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരിക്കാമെന്നും അതിനാല്‍ മുകളില്‍ മൃതദേഹം കിടക്കുന്നത് അറിഞ്ഞിരുന്നില്ലെന്നുമാണ് പൊലീസ് നിഗമനം.