CrimeNEWS

പഴയ സഹപാഠികള്‍ കണ്ടുമുട്ടിയപ്പോള്‍ കുടുംബങ്ങളെ മറന്ന് ഒന്നിച്ചു പൊറുതി തുടങ്ങി; ഒടുവില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികളായി

ഇടുക്കി: അടിമാലിയില്‍ ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അലക്‌സും കവിത സ്‌കൂള്‍ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. പില്‍ക്കാലത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ വീണ്ടും പ്രണയിച്ചു കുടുംബങ്ങളെ ഉപേക്ഷിച്ചു ലിവിങ് ടുഗെദറായി തുടരുകയായിരുന്നു അലക്സും കവിതയും. ഇവരാണ് ഇപ്പോള്‍ കൊലപാതക കേസില്‍ പ്രതികളായിരിക്കുന്നത്.

കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ താല്‍കാലിക ഡ്രൈവറായിരുന്ന അലക്‌സിനെ ഇഎസ്‌ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടിയതോടെയാണ് ഇവരുടെ ജീവിതം മാറി മറിയുന്നത്. തുടര്‍ന്ന് ഇരുവരും തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒന്നിച്ചു താമസമാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അലക്‌സും കവിതയും എത്തിയത് ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാര്‍ ചമഞ്ഞെന്ന് പൊലീസ്. അടിമാലി കൂമ്പന്‍പാറയിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരാണെന്നും താമസിക്കാന്‍ വാടക വീട് അന്വേഷിച്ച് എത്തിയതാണെന്നും പറഞ്ഞാണ് ഇരുവരും ഫാത്തിമയെ പരിചയപ്പെട്ടത്. വയോധികയുടെ വീടിനു സമീപം വാടക വീടുണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് പോയി. പിന്നീട് ഇടയ്ക്കിടെ ഫാത്തിമയുടെ അടുക്കല്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു.

കൊലപാതകം നടന്ന 13ന് ഉച്ചയോടെ ഫാത്തിമയുടെ അയല്‍പക്കത്തുള്ള വീടുകളില്‍ ഇരുവരും എത്തി. വൈകീട്ട് നാലു മണിയോടെ ഫാത്തിമയുടെ മകന്‍ വീട്ടില്‍ നിന്നു ടൗണിലേക്കു പോയതു കണ്ട് ഇരുവരും എത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. അടുക്കളയിലേക്കു പോയ ഫാത്തിമയെ പിറകെ എത്തിയ പ്രതികള്‍ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

വയോധിക ബഹളമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കവിത വായ പൊത്തിപ്പിടിക്കുകയും അലക്‌സ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുന്‍ഭാഗം മുറിച്ചും തലയില്‍ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. തുടര്‍ന്നു 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ഇടതു കയ്യില്‍ കിടന്നിരുന്ന വളയും ഊരിയെടുത്തു. സ്വര്‍ണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടമായിരുന്നു. മുറിയില്‍ മുളകുപൊടി വിതറിയ ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

സംഭവത്തില്‍ 18 മണിക്കൂറിനുള്ളിലാണ് പ്രതികളെ ഇടുക്കി പൊലീസ് പിടികൂടിയത്. 13നു രാത്രി 7 മണിയോടെയാണ് കൊലപാതക വിവരം മകന്‍ സുബൈര്‍ പൊലീസില്‍ അറിയിച്ചത്. തുടര്‍ന്നു അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. മകനോടും അയല്‍വാസികളോടും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, ഇടുക്കി ഡിവൈഎസ്പി സാജു വര്‍ഗീസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു എന്നിവരുടെ സംഘവും പൊലീസ് നായ, വിരലടയാള വിദഗ്ദ്ധര്‍, സയന്റിഫിക് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘവും സ്ഥലത്തെത്തി അന്വേഷണത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയായിരുന്നു.

 

 

Back to top button
error: