KeralaNEWS

ആശുപത്രിയില്‍ ഉപേക്ഷിച്ച വൃദ്ധമാതാവ് മരിച്ചു; മകനും പേരമകനും കസ്റ്റഡിയില്‍

കൊടുങ്ങല്ലൂർ: ആശുപത്രിയില്‍ മകനും പേരമകനും ഉപേക്ഷിച്ച വൃദ്ധമാതാവ് മരിച്ചു. പറവൂർ വടക്കേക്കരയില്‍ താമസിച്ചിരുന്ന കണ്ണൻ ചക്കിശേരി പരേതനായ മൂസയുടെ ഭാര്യ നബീസ(88)യാണ് ഞായറാഴ്ച രാത്രി എട്ടിനു കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ മരിച്ചത്.

സംഭവത്തെ തുടർന്ന് കാക്കാനാട് കണ്ണൻചക്കിശേരി നിസാർ, മകൻ നസീം എന്നിവരെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ പത്തിനു റംസാൻദിവസം രാത്രിയില്‍ നബീസയുടെ മകനും പേരമകനും കൂടിയാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്കു നബീസയെ കൊണ്ടുവന്നത്. ഇടയ്ക്കിടെ തലകറങ്ങുന്നെന്നു പറഞ്ഞാണ് അത്യാഹിതവിഭാഗത്തിലേക്കു കയറ്റിയത്.
പ്രായാധിക്യത്താല്‍ അവശയായ നബീസയുടെ തലയില്‍ മുറിവും ദേഹത്ത് അടിയേറ്റതിന്‍റെ പാടും പരിശോധനയില്‍ ഡോക്ടർ കണ്ടെത്തി. രോഗിയെ കൊണ്ടുവന്നവരെ ആശുപത്രിപരിസരത്തു ജീവനക്കാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നേരം പുലർന്നിട്ടും രോഗിയെ കൊണ്ടുവന്നവർ എത്താതായതോടെ ഡ്യൂട്ടി ഡോക്ടർ പുല്ലൂറ്റ് പ്രവർത്തിക്കുന്ന വെളിച്ചം അഗതിമന്ദിരത്തില്‍ വിവരമറിയിച്ചു.

അഗതിമന്ദിരം മാനേജർ അബ്ദുള്‍ കരീം ആശുപത്രിയിലെത്തി നബീസയുടെ സംരക്ഷണം ഏറ്റെടുത്തു. പിന്നീട്, കാക്കനാട് താമസിക്കുന്ന ഇളയ മകൻ നിസാറും മകനുമാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതെന്നു നബീസ ആശുപത്രി അധികൃതരെ അറിയിച്ചു.

നാലു മക്കളാണ് ഇവർക്കുള്ളത്. രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുത്തു. മൂത്ത മകൻ മരിച്ചു. എറിയാട് താമസിക്കുന്ന മകളോടൊപ്പമായിരുന്നു നേരത്തേ താമസം. പിന്നീട് കാക്കനാടുള്ള മകൻ ഇവരുടെ കൈവശമുണ്ടായിരുന്ന സ്വർണവും മുപ്പതിനായിരം രൂപയും വാങ്ങി നോക്കിക്കൊള്ളാമെന്നു പറഞ്ഞ് ഏറ്റെടുത്തുവെന്നു നബീസ പറഞ്ഞിരുന്നു.

സംഭവം പോലീസിൽ അറിയിച്ചതോടെ  ആശുപത്രിയില്‍ കഴിയുംവരെ വൃദ്ധമാതാവിനെ പേരമകൻ നോക്കണമെന്നും ശേഷമുള്ള കാര്യങ്ങള്‍ ബന്ധുക്കളെല്ലാം ചേർന്നു തീരുമാനിക്കണമെന്നും കൊടുങ്ങല്ലൂർ പോലീസ് നിർദേശം നല്‍കിയിരുന്നു.

ഇതിനിടയിലാണ് വൃദ്ധമാതാവ് മരിച്ചത്. പോലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി

Back to top button
error: