കോടീശ്വരന്മാരായ ദമ്പതികൾ തങ്ങളുടെ സമ്പത്ത് മുഴവൻ ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിക്കുന്നു. പിന്നെ രാജ്യമാകെ നഗ്നപാദരായി അലഞ്ഞുതിരിഞ്ഞ് ജീവിതം പുലർത്തുന്നു.
സംശയിക്കേണ്ട, ഗുജറത്തിലെ വൻ വ്യവസായികളും ജൈന ദമ്പതികളുമായ ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് 200 കോടിയുടെ സമ്പത്ത് ദാനം ചെയ്ത് സന്യാസം സ്വീകരിക്കുന്നത്. ഏപ്രില്‍ 22നാണ് ഇവര്‍ സന്യാസം സ്വീകരിക്കുക.
ഹിമ്മത്‌നഗറിലെ കെട്ടിട നിര്‍മ്മാണ വ്യവസായരംഗത്തെ പ്രമുഖ വ്യവസായികളാണ് ഇരുവരും. ഇവരുടെ 19കാരിയായ മകളും 16കാരനായ മകനും 2002ല്‍ സന്യാസം സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് സന്യാസം സ്വീകരിക്കാനുള്ള മാതാപിതാക്കളുടെ തീരുമാനം.
ഇത്രയേറെ സമ്പത്തുള്ള ഭണ്ഡാരി കുടുംബം സന്യാസം സ്വീകരിക്കുന്ന വാര്‍ത്തകേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. ഭണ്ഡാരി കുടുംബവും മറ്റ് 35 പേരും നടത്തിയ 4 കിലോമീറ്റര്‍ ഘോഷയാത്രയിലാണ് തങ്ങളുടെ സമ്പത്തുകള്‍ ദാനം ചെയ്തത്. യാത്രയില്‍ രാജകീയ വസ്ത്രം ധരിച്ച ഇരുവരും മൊബൈല്‍ ഫോണുകളും എയര്‍കണ്ടീഷണർ ഉള്‍പ്പെടെ എല്ലാ സമ്പത്തുകളും സംഭാവന ചെയ്തു.
ഏപ്രില്‍ 22 ഓടെ ഇരുവരും ഭൗതികസാഹചര്യങ്ങളെല്ലാം ഉപേക്ഷിച്ച് പൂര്‍ണ സന്യാസ ജീവിതം നയിക്കും. അതോടെ രണ്ട് വെളള വസ്ത്രങ്ങളും ഭിക്ഷയ്ക്കുള്ള ഒരു പാത്രവും ഇരിക്കുന്ന ഭാഗം വൃത്തിയാക്കാനായി ഒരു ചൂലും മാത്രമെ അവരുടെ കൈവശം ഉണ്ടാകുകയുള്ളു.
ജൈനമതത്തില്‍ ദീക്ഷ സ്വീകരിക്കുകയെന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഇതോടെ സമ്പത്ത് എല്ലാം ഉപേക്ഷിച്ച് ഇവര്‍ രാജ്യമാകെ നഗ്നപാദരായി അലഞ്ഞുതിരിഞ്ഞ് സന്യാസജീവിതം നയിക്കും.