ഉത്സവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകള്‍ ഏർപ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിന്റെയും തേനി ജില്ലാ കളക്ടർ ആർ വി ഷാജീവനയുടെയും നേതൃത്വത്തില്‍ ചേർന്ന യോഗം വിലയിരുത്തി. ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതക്കും മുൻതൂക്കം നല്‍കി പരിസ്ഥിതി സൗഹൃദ ക്ഷേത്ര ദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് ഇരു കലക്ടർമാരും അറിയിച്ചു.
ഏപ്രില്‍ 23നാണ് ഉത്സവം. രാവിലെ നാല് മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാർ, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. അഞ്ചുമണിയോടെ ട്രാക്ടറുകളില്‍ ഭക്ഷണവും കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറു പേരില്‍ കൂടുതല്‍ ഉണ്ടാവാൻ പാടില്ല. ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. ഉച്ചക്ക് 2.30ന് ശേഷം ആരെയും മല മുകളിലേക്ക് കയറ്റി വിടില്ല. വൈകിട്ട് 5.30ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാനും അനുവദിക്കില്ല.
ആർടിഒ നിഷ്‌കർഷിക്കുന്ന തുക മാത്രമേ ട്രിപ്പ് വാഹനങ്ങള്‍ ഭക്തരില്‍ നിന്നും ഈടാക്കാൻ പാടുള്ളൂ. ഇത് സംബന്ധിച്ച നിരക്ക് ഉടൻ പ്രസിദ്ധീകരിക്കും. ഡിസ്പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ നാലുചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. മദ്യം, മാംസ ഭക്ഷണം എന്നിവയും അനുവദിക്കില്ല.
ക്ഷേത്രത്തിലേക്ക് പോകാനുള്ള വാഹനങ്ങള്‍ക്ക് ആർ.ടി.ഒ പാസ് നല്‍കും. കുമളി ബസ് സ്റ്റാൻഡില്‍ എപ്രില്‍ 20, 21, 22 ദിവസങ്ങളില്‍ ഇരു സംസ്ഥാനങ്ങളുടെയും ആർടിഒമാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഫിറ്റ്നസ് പരിശോധിച്ചാകും പാസ് അനുവദിക്കുക. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്റ്റിക്കർ വാഹനത്തില്‍ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളില്‍ അമിതമായി ആളെ കയറ്റാൻ അനുവദിക്കില്ല. കുമളി ബസ് സ്റ്റാൻഡ്, അമലാംമ്ബിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങള്‍ പരിശോധിക്കും. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും. പ്രഥമശുശ്രൂഷ നല്‍കാൻ മെഡിക്കല്‍ സംഘം, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലൻസ് സൗകര്യവും മലമുകളില്‍ ഏർപ്പെടുത്തും.
കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പു വരുത്താൻ ജലവകുപ്പിന് യോഗം നിർദ്ദേശം നല്‍കി. മുൻ വർഷത്തേക്കാള്‍ കൂടുതല്‍ താല്‍ക്കാലിക ടോയ്ലറ്റ് സൗകര്യങ്ങള്‍ സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകള്‍ സ്ഥാപിക്കുകയും മൈക്ക് അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്യും. ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ മുൻകരുതല്‍ സ്വീകരിക്കാൻ അഗ്‌നിരക്ഷാസേനക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
ക്ഷേത്രപാതയില്‍ ആംപ്ലിഫയർ, ലൗഡ് സ്പീക്കർ തുടങ്ങിയവ ഉപയോഗിക്കാൻ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാൻ ശുചിത്വ മിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും. കുമളിയില്‍ പ്രത്യേക പാർക്കിങ് സൗകര്യം സജ്ജമാക്കുവാനും ടോയ്ലെറ്റ് സംവിധാനങ്ങള്‍ ഒരുക്കുവാനും പ്രവർത്തനക്ഷമമല്ലാത്ത സ്ട്രീറ്റ് ലൈറ്റുകള്‍ നന്നാക്കുവാനും കുമളി ഗ്രാമപഞ്ചായത്തിന് യോഗം നിർദേശം നല്‍കി.