‘സുല്‍ത്താന്‍ ബത്തേരി’യിലേക്ക് കെ.എസ്.ആര്‍.ടി.സിയില്‍ പോകാം; സമയവിവരം പുറത്തുവിട്ട് തിരൂര്‍ ഡിപ്പോ
മലപ്പുറം: വയനാട് മണ്ഡലത്തില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് തിരൂര്‍ വഴിയുള്ള ബസുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് തിരൂര്‍ കെ.എസ്.ആര്‍.ടി.സി.
‘തിരൂര്‍ വഴിയുള്ള സുല്‍ത്താന്‍ ബത്തേരി ബസുകളുടെ സമയവിവരങ്ങള്‍’ എന്ന പോസ്റ്റര്‍ സഹിതമാണ് ഫേസ്ബുക്കിലൂടെ ബസുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ബസുകള്‍ തിരൂരിലെത്തുന്ന സമയമാണ് കുറിപ്പില്‍ നല്‍കിയിരിക്കുന്നത്. ഇതിന് താഴെ ഗണപതി വട്ടത്തേക്ക് ബസുണ്ടോയെന്ന ചോദ്യവുമായി കമന്റുകളെത്തിയിട്ടുണ്ട്. സുരേന്ദ്രന്‍ ജിയുടെ ഗണപതി വട്ടത്തേക്കെന്ന് തിരുത്താന്‍ ഉപദേശവുമുണ്ട്.
സുല്‍ത്താന്‍ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകള്‍ വന്നിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളും സുരേന്ദ്രനെതിരെ രംഗത്തുവന്നു. ടിപ്പു സുല്‍ത്താന്‍ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേയെന്നും കോണ്‍ഗ്രസിനും എല്‍.ഡി.എഫിനും അതിനെ സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യമെന്നും അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്നുമായിരുന്നു സുരേന്ദ്രന്റെ ചോദ്യം.
സുല്‍ത്താന്‍ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കിയാല്‍ പാവപ്പെട്ടവന്റെ വയറ് നിറയുമോയെന്ന ചോദ്യവുമായി പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ. എന്‍ കുറുപ്പും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
‘ഇന്ത്യയില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി, സുല്‍ത്താന്‍ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കി മാറ്റുമെന്ന് പറയുകയാണ്. അങ്ങനെ ചെയ്താന്‍ പാവപ്പെട്ട വയറ് നിറയുമോ?, ആദിവാസികളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ? വന്യജീവി ഭീഷണി ഇല്ലാതാകുമോ?. ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് ഇത്തരം വിവാദ പ്രസ്താവനകള്‍ പുറത്തുവിടുന്നത്’ -എന്നിങ്ങനെയായിരുന്നു കെ.കെ.എന്‍ കുറുപ്പിന്റെ പ്രതികരണം.