മുംബൈ: കാമുകനൊപ്പം പോകാന്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡ് സ്വദേശിയും 25കാരിയുമായ ശീതള്‍ പോള്‍ ആണ് അറസ്റ്റിലായത്. വിവാഹത്തിന് മുമ്പ് താന്‍ പ്രണയത്തിലായിരുന്നയാളുമായി ഒളിച്ചോടാന്‍ വേണ്ടിയായിരുന്നു യുവതി കൊടുംക്രൂരത ചെയ്തത്. കാമുകനൊപ്പം ജീവിക്കുന്നതിന് കുട്ടികള്‍ തടസമാകുമെന്ന് കണ്ടാണ് അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കുറ്റം ഭര്‍ത്താവിന് മേല്‍ കെട്ടിവയ്ക്കാന്‍ യുവതി ശ്രമിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞമാസം 31നാണ് കുട്ടികളെ ശീതള്‍ കൊലപ്പെടുത്തിയത്. വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ട കുട്ടികളെ പിതാവ് സദാനന്ദ് പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകം പുറത്തറിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി ശീതളിനെയും സദാനന്ദിനെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. സംഭവദിവസം കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കിയശേഷമാണ് വീടിനടുത്തുള്ള ചന്തയിലേക്ക് താന്‍ പോയതെന്ന് സദാനന്ദ് പൊലീസിനോട് പറഞ്ഞു. ചന്തയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ഭാര്യ വീടിന് മുന്നിലുണ്ടായിരുന്നു എന്നും കുട്ടികള്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ അകത്ത് ഉറങ്ങുകയാണെന്ന് പറഞ്ഞതായും ഇയാള്‍ പൊലീസിന് മൊഴിനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ശീതളിനെ മണിക്കൂറുകളോളം ചോദ്യംചെയ്തു. ഭര്‍ത്താവ് പോയതിനുശേഷമാണ് കുട്ടികള്‍ ഉറങ്ങാന്‍ പോയതെന്നും പിന്നീട് ആരും വീട്ടിലേക്ക് വന്നിട്ടില്ലെന്നുമാണ് പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടികള്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്നുകൂടി വ്യക്തമായോടെ പൊലീസിന് കൂടുതല്‍ സംശയമായി.
തുടര്‍ന്ന് ദമ്പതികളില്‍ നിന്ന് വിവാഹത്തെക്കുറിച്ചും അതിനുമുന്നേയുള്ള ജീവിതത്തെക്കുറിച്ചും ചില കാര്യങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞു. ഇതിനിടെ ശീതളിന്റെ മൊബൈല്‍ പരിശോധിച്ച പൊലീസ് സായ്നാഥ് ജാദവ് എന്ന വ്യക്തി അയച്ച മെസേജുകള്‍ കണ്ടു. ഇയാള്‍ നിരവധി തവണ ശീതളിനെ വിളിച്ചിരുന്നതായും കണ്ടെത്തി. ഇത് ആരാണെന്ന് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ശീതള്‍ നല്‍കിയില്ല. ചോദ്യം ചെയ്യല്‍ കടുപ്പിച്ചതോടെ നില്‍ക്കക്കള്ളിയില്ലാതെ എല്ലാകാര്യങ്ങളും തുറന്നുപറയുകയായിരുന്നു. സദാനന്ദുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ സായിനാഥുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും അയാള്‍ക്കൊപ്പം ജീവിക്കാന്‍വേണ്ടി മക്കളെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നും ശീതല്‍ പൊലീസിനോട് പറഞ്ഞു. ടവല്‍കൊണ്ട് വായുംമൂക്കും പൊത്തിപ്പിടിച്ചാണ് കൊല നടത്തിയതെന്നും ശീതല്‍ പൊലീസിനോട് സമ്മതിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.