KeralaNEWS

രാജ്യത്തെ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന റയിൽവേ സ്റ്റേഷന്‍; പാത ഇരട്ടിപ്പിച്ചിട്ടും കൂടുതൽ ട്രെയിനുകൾ ഇല്ലാതെ കോട്ടയം

കോട്ടയം: കേരളത്തിലെതന്നെ ഏറ്റവും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോട്ടയം സ്റ്റേഷന്റെ സമഗ്ര വികസനമാണ് അടുത്തകാലത്ത് നടന്നത്.സ്റ്റേഷന്റെ ആധുനീകവത്കരണത്തിന്റെ ഭാഗമായി രണ്ടാം കവാടവും പൂർത്തിയാക്കി.

കേവലം മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായിരുന്ന സ്റ്റേഷനില്‍ ഇപ്പോള്‍ ആറ് പ്ലാറ്റ്‌ഫോമുകളാണുള്ളത്. അഞ്ച് പ്ലാറ്റ്‌ഫോമുകളെയും പ്രധാന പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തുന്ന ഓവര്‍ ബ്രിഡ്ജ്,ലിഫ്റ്റ്-എസ്‌കലേറ്റര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും സ്റ്റേഷനില്‍ നടപ്പിലാക്കി. കൂടാതെ സ്റ്റേഷനെ ആശ്രയിക്കുന്ന നൂറുകണക്കിന് ഇരുചക്ര വാഹന ഉടമകളായ ട്രെയിന്‍ യാത്രികരുടെ ചിരകാലാഭിലാഷമായിരുന്ന പാര്‍ക്കിംഗ് ഏരിയ മൂന്നു നിലകളിലായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

കൂടാതെ രാജ്യത്തെ 180 റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച്‌ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന സ്റ്റേഷന്‍ എന്ന അംഗീകാരവും കോട്ടയത്തെത്തേടിയെത്തി.എന്നിരിക്കെയും എറണാകുളത്തിന്റെ സബ് ആയി കോട്ടയത്തെ പരിഗണിക്കാൻ റയിൽവേ തയാറായിട്ടില്ല.പ്രത്യേകിച്ചും എറണാകുളത്തെ സ്റ്റേഷനുകൾ ട്രാഫിക്കും സ്ഥലപരിമിതികളും മറ്റും കൊണ്ട് വീർപ്പുമുട്ടുമ്പോൾ.

Signature-ad

 കോട്ടയം വഴിയുള്ള മംഗലപുരം –തിരുവനന്തപുരം റെയിൽവേ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ട് ഒന്നര വർഷം പിന്നിടുമ്പോഴും കാര്യമായ പ്രയോജനമൊന്നും കോട്ടയം റൂട്ടിലെ യാത്രക്കാർക്ക് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.

വർഷങ്ങൾ കാത്തിരുന്ന് പൂർത്തിയായ ഇരട്ടപ്പാതയിലൂടെ ട്രെയിനുകൾ ഓടി തുടങ്ങിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു കോട്ടയം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ജനങ്ങൾക്ക്.എന്നാൽ ക്രോസിങ്ങിനായി പിടിച്ചിടൽ ഒഴിവായതല്ലാതെ മറ്റ് വ്യത്യാസങ്ങൾ ഒന്നും സംഭവിച്ചില്ല.ഇതു മാത്രമല്ല, മുൻപുണ്ടായിരുന്ന രണ്ടു ട്രെയിനുകളുടെ സ്റ്റോപ്പും ഇല്ലാതായി.
6 പ്ലാറ്റ്ഫോമുകളുമായി നവീകരിച്ച കോട്ടയം സ്റ്റേഷനിൽ നിന്ന് മലബാർ മേഖലയിലേക്ക് അടക്കം കൂടുതൽ ട്രെയിനുകൾ  അനുവദിക്കുക മുതലായ അടിസ്ഥാന കാര്യങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ ആവശ്യങ്ങളായി തുടരുന്നു.
ഇരട്ടപ്പാത ആക്കുന്നതിന് മുൻപ് സർവീസ് നടത്തിയിരുന്ന 56387 എറണാകുളം –കായംകുളം പാസഞ്ചർ, 56388 കായംകുളം –എറണാകുളം പാസഞ്ചർ ട്രെയിനുകൾക്ക് ഇപ്പോൾ വൈക്കം റോഡ് അടക്കം പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഇല്ല. മെമു സ്പെഷൽ ആയപ്പോഴാണു ഈ ദുരിതം. ഇരട്ടപ്പാതക്ക്‌ മുൻപ് 05:05ന് കായംകുളത്ത് നിന്നും പുറപ്പെട്ട് 06:13ന് കോട്ടയം എത്തി 08:10ന് എറണാകുളം എത്തിയിരുന്ന 56388 നമ്പർ പാസഞ്ചർ കോട്ടയത്ത് ജോലി ചെയ്യുന്ന ആയിരങ്ങൾക്ക് ഉപകാരപ്രദമായിരുന്നു.എന്നാൽ ഇപ്പോൾ 16310 മെമു ആയതിൽ പിന്നെ സമയം മാറ്റി വൈകിട്ട് 3ന് കായംകുളത്ത് നിന്നും പുറപ്പെട്ട് 04:02ന് കോട്ടയം എത്തി 05:50ന് എറണാകുളം എത്തുന്ന വിധത്തിൽ ആയ സർവീസ് ആർക്കും പ്രയോജനകരമല്ല എന്നതാണ് വാസ്തവം.
നിലവിൽ വൈകിട്ട് 05:20ന് ഉള്ള എറണാകുളം പാസഞ്ചർ ട്രെയിൻ പോയാൽ പിന്നീട് എറണാകുളം ഭാഗത്തേക്ക് പാസഞ്ചർ ട്രെയിനുകൾ ഇല്ല. അതേപോലെ നേരത്തെ ഉച്ചയ്ക്ക്12:20ന് ആണ് 56387 കായംകുളം പാസഞ്ചർ എറണാകുളത്ത് നിന്നും സർവീസ് ആരംഭിച്ചിരുന്നത് അതിപ്പോൾ 16309 മെമു ആയി രാവിലെ 08:45ന് എറണാകുളത്തുനിന്നും പുറപ്പെട്ട് 10:10ന് കോട്ടയം എത്തി 11: 35ന് കായംകുളം എത്തുന്നു.പല സ്റ്റേഷനുകളിലും സ്റ്റോപ്പുകൾ ഇല്ലാതെ സർവീസ് നടത്തുന്ന ഈ മെമു പഴയ പാസഞ്ചർ ട്രെയിനിന്റെ സ്റ്റോപ്പുകളോടുകൂടി സമയം പുനഃക്രമീകരിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.
കേരള എക്സ്പ്രസ് പോലും നിർത്തുന്ന വൈക്കം റോഡ്, മാവേലിക്കര എന്നീ സ്റ്റേഷനുകളിലും തൃപ്പൂണിത്തുറയിലും പോലും ഈ മെമുവിന് സ്റ്റോപ്പ് ഇല്ല. ആവശ്യത്തിന് സ്റ്റോപ്പുകളില്ലാതെ കന്യാകുമാരി ഐലൻഡ്,കോട്ടയം എക്സ്പ്രസ്, പുനലൂർ ഇന്റ്‍ർസിറ്റി എക്സ്പ്രസ് എന്നിവയ്ക്ക് തൊട്ടു പിറകിലാണ് ഈ മെമുവിന്റെ സർവീസ്.
രാവിലെ 6.30 മുതൽ 9 വരെയുള്ള സമയങ്ങളിലാണ് യാത്രക്കാർ‌ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌.രാവിലെ 6.58ന് പാലരുവി എക്സ്പ്രസ്‌ കഴിഞ്ഞാൽ 8.25നുള്ള വേണാട് എക്സ്പ്രസാണ് കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ. ഇതിനിടയിൽ 7.27ന് വന്ദേ ഭാരത് എക്സ്പ്രസ്‌ കടന്ന് പോകുന്നതിനാൽ മുന്നേ പോകുന്ന പാലരുവി 25 മിനിറ്റോളം മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടും. വേണാട് എക്‌സ്‌പ്രസാകട്ടെ മിക്കപ്പോഴും അരമണിക്കൂറോളം വൈകിയാണ് കോട്ടയത്തെത്തുന്നത്.
6 പ്ലാറ്റ്ഫോമുകൾ വെറുതേ കിടക്കുന്ന കോട്ടയത്തു നിന്നും കൂടുതൽ സർവീസ് ആരംഭിച്ചാൽ അത് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന എറണാകുളം – ബംഗളൂരു ഇന്റർസിറ്റി ഉൾപ്പെടെ  സമയമാറ്റമില്ലാതെ കോട്ടയത്തേക്ക് ദീർഘിപ്പിക്കാവുന്നതേയുള്ളൂ.പുലർച്ചെ കോയമ്പത്തൂർ എത്തുന്ന വിധത്തിൽ രാത്രിയിൽ കോട്ടയം-കോയമ്പത്തൂർ വന്ദേഭാരത് എക്സ്‌പ്രസും ഓടിക്കാവുന്നതേയുള്ളൂ.

Back to top button
error: