KeralaNewsthen Special

എംകെ അർജ്ജുനൻ ഈണം പകർന്ന് അമ്പിളിയും ബി വസന്തയും ആലപിച്ച ഗാനം: ‘മൈലാഞ്ചിക്കാട്ടില് പാറി പറന്നു വരും…’

പാട്ടോർമ്മ
സുനിൽ കെ ചെറിയാൻ

1. പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത ‘ഋതുഭേദ’ത്തിലെ ഹിറ്റ് ഗാനമായിരുന്നു  ‘ഋതു സംക്രമപക്ഷി പാടി’ എന്ന പാട്ട്. 1987 ഏപ്രിൽ 9 റിലീസ്. രചന: തകഴി ശങ്കരനാരായണൻ. സംഗീതം: ശ്യാം.  സുകൃതം എന്ന വാക്ക് പാട്ടിൽ യേശുദാസ് ഉച്ചരിച്ചത് സുഹൃതം ആണെന്ന് അന്ന് സംഗീതപ്രേമികൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേ ദിവസം റിലീസ് ചെയ്‌ത പദ്‌മരാജന്റെ ‘നൊമ്പരത്തിപ്പൂവി’ലെ ‘ഈണം തുയിലുണർത്തീണം’ എന്ന ഗാനവും മറക്കാനാവില്ല. രചന: ഒ.എൻവി. സംഗീതം: എംജി രാധാകൃഷ്ണൻ.

2. ജോഷിയുടെ ധീര എന്ന ചിത്രത്തിലെ പാട്ടുകൾ ഇന്നും ആസ്വാദകരുടെ ചുണ്ടിലുണ്ട്. 1982 ഏപ്രിൽ 9 റിലീസ്. ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മൃദുലേ ഇതാ,’ സതീഷ്ബാബു പാടിയ ‘മെല്ലെ നീ മെല്ലെ’, യേശുദാസിന്റെ ‘സ്വരങ്ങളിൽ  സഖീ’. രചന: പൂവ്വച്ചൽ ഖാദർ. സംഗീതം രഘുകുമാർ. പണ്ട് ജയചന്ദ്രന്റെ ഗാനമേളകളിളെ തബലിസ്റ്റായിരുന്നുല രഘുകുമാർ.

3. ‘വളകിലുക്കം കേൾക്കണല്ലോ’. പി ജി വിശ്വംഭരന്റെ ‘സ്ഫോടന’ത്തിലെ (1981) ഗാനം. ഒരുപക്ഷെ മമ്മൂട്ടിയുടെ ആദ്യ ഗാനസീൻ. ‘നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ’ മറ്റൊരു ഹിറ്റ്. ശങ്കർ ഗണേഷുമാരായിരുന്നു സംഗീതം. രചന: ഒഎൻവി.

4. ‘മൈലാഞ്ചിക്കാട്ടില് പാറി പറന്നു വരും’ എന്ന ഹിറ്റ് ഗാനം ആലപിച്ചത് അമ്പിളി, ബി വസന്ത എന്നിവരാണ് . ചിത്രം കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976). തിരക്കഥാകൃത്തായിരുന്ന പാപ്പനംകോട് ലക്ഷ്മണനാണ് ഗാനങ്ങളും എഴുതിയത്. എംകെ അർജ്ജുനന്റെ സംഗീതം.

Back to top button
error: