LocalNEWS

ഇഫ്താര്‍ സംഗമവും സമൂഹ നോമ്പുതുറയും നടത്തി ഗേങ്ങേഴ്‌സ് കലാവേദി പന്നിത്തടം

തൃശൂര്‍: പുണ്യ മാസത്തിന്റെ വൃതശുദ്ധിയില്‍ ഇഫ്താര്‍ സംഗമവും സമൂഹ നോമ്പുതുറയും നടത്തി മതമൈത്രിയുടെ വിളംബരം ഓതി ഗേങ്ങേഴ്‌സ് കലാവേദി പന്നിത്തടം. കഴിഞ്ഞ 34 വര്‍ഷങ്ങളായി കടങ്ങോട് പഞ്ചായത്തിലെ കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗേങ്ങേഴ്‌സ് കലാവേദി പന്നിത്തടം പ്രകൃതി സംരക്ഷണവും വിവിധ മെഡിക്കല്‍ ക്യാമ്പുകളും കായിക മത്സരങ്ങളും ഏറ്റെടുത്തിട്ടുണ്ട്.

പന്നിത്തടം ടെല്‍കോണ്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഇഫ്ത്താര്‍ സംഗമവും സമൂഹ നോമ്പുതുറയും ക്ലബ്ബ് പ്രസിഡന്റ് വി.എച്ച് അര്‍ഷാദിന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. പന്നിത്തടം മഹല്ല് ഖത്തിബ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ഇഫ്താര്‍ സന്ദേശവും മരത്തംകോട് പള്ളി വികാരി ഫാദര്‍ അബിയ മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങില്‍ കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍, കുന്നമ്പത്തുകാവ് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വലിയറ ഷാജി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി, കടങ്ങോട് ഗ്രാമ പഞ്ചായത്ത് അംഗം ടി.പി ലോറന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്ലബ്ബ് സെക്രട്ടറി ആഷിഫ് അഹമ്മദ് സ്വാഗതവും ഗേങ്ങേഴ്‌സ് കലാവേദി പ്രവാസി കൂട്ടായ്മ അംഗം കണ്ണന്‍ ഷിജീഷ് നന്ദിയും പറഞ്ഞു.

 

Back to top button
error: