ചെന്നൈ: നടി മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്. തമിഴ്‌നാട്ടില്‍ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ളയിങ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്.
തിരുച്ചിറപ്പള്ളി-അരിയല്ലൂര്‍ ദേശീയ പാതയില്‍ തിരുച്ചിറപ്പള്ളിക്കുസമീപം നഗരം എന്ന സ്ഥലത്താണ് മഞ്ജു വാര്യരുടെ കാര്‍ തടഞ്ഞുനിര്‍ത്തി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
അതേസമയം, അപ്രതീക്ഷിതമായ താരത്തെ റോഡില്‍ കണ്ടതോടെ സെല്‍ഫിയെടുക്കാന്‍ ആരാധകരും പാഞ്ഞെത്തി. മഞ്ജുവിനൊപ്പം സെല്‍ഫി എടുക്കുന്ന ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുകയും ചെയ്തു.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കില്‍ പ്രത്യേകമായി പരിശോധന സാധാരണയാണ്. കാറില്‍ മഞ്ജുവിനൊപ്പം മാനേജറാണ് കൂടെയുണ്ടായിരുന്നത്. എന്നാല്‍, വാഹനമോടിച്ചത് താരമാണ്.
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ നടക്കാറുള്ള അനധികൃത പണക്കടത്തും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാനാണ് ഫ്ളയിങ് സ്‌ക്വാഡിന്റെ വ്യാപക പരശോധന. ഭരണപക്ഷ നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിരന്തരം പരിശോധന നടക്കാറുണ്ട്.
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിടുതലൈ-2 ന്റെ ചിത്രീകരണത്തിനാണ് മഞ്ജു വാര്യര്‍ തിരുച്ചിറപ്പള്ളിയിലെത്തിയത്. താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഫ്‌ളൈയിങ് സ്‌ക്വാഡ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.