KeralaNEWS

ബോംബ് നിര്‍മാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വംകൊണ്ട്; ന്യായീകരിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷെറിന്റെ സംസ്‌കാരച്ചടങ്ങില്‍ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനന്‍ എംഎല്‍എയും പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് അടൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട്, ‘നിങ്ങളുടെ വീട് എവിടെയാ?’ എന്നു മറുചോദ്യം ചോദിച്ചാണ് മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്. ഒരു ഉത്തരം പറയാനാണ്, വേറെ ഒന്നിനുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

”നിങ്ങളുടെ വീടിന്റെ അടുത്ത് ഒരാള്‍ മരണപ്പെട്ടു എന്നു വിചാരിക്കുക, നിങ്ങളുടെ തൊട്ടടുത്താണ് വീട്. നിങ്ങള്‍ അവിടെ പോകില്ലേ? സാധാരണ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങള്‍ നാട്ടില്‍ നടക്കാറില്ലേ? അതിന്റെ അര്‍ഥം കുറ്റത്തോട് മൃദൃസമീപനം ഉണ്ടെന്നാണോ? കുറ്റത്തോട് ഒരുതരത്തിലുള്ള മൃദുസമീപനവുമില്ല. മനുഷ്യര്‍ എപ്പോഴും മനുഷ്യത്വം പാലിച്ചു പോകാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്” -മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

ഇതുസംബന്ധിച്ച ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ”എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞല്ലോ, നാട്ടില്‍ ഒരു മരണം നടന്നാല്‍, ആ മരണവീട്ടില്‍ ഒരു കൂട്ടര്‍ പോകുന്നത് നിഷിദ്ധമായ കാര്യമല്ല. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കുന്നുണ്ടോ എന്നാണ് പ്രശ്‌നം. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കാന്‍ പാടില്ല. കുറ്റവാളികളോടു മൃദുവായ സമീപനം കാണിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് തെറ്റ്. മരണം നടന്ന വീട്ടില്‍ പോകുന്നതും അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും ഒരുതരത്തിലും തെറ്റായ കാര്യമല്ല.” മുഖ്യമന്ത്രി പറഞ്ഞു.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ സംസ്‌കാരച്ചടങ്ങില്‍ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനന്‍ എംഎല്‍എയും പങ്കെടുത്തിരുന്നു. സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.െക.സുധീര്‍കുമാര്‍, എന്‍.അനില്‍കുമാര്‍, ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗം എ.അശോകന്‍ എന്നിവരാണു ഷെറിന്റെ വീട്ടിലെത്തിയത്. കുന്നോത്തുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് ഷെറിന്റെ വീട്ടില്‍ പോയതെന്ന നിലപാടിലാണ് എന്‍.അനില്‍കുമാര്‍. പാര്‍ട്ടി തള്ളിപ്പറഞ്ഞ വിഷയത്തില്‍, സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് സിപിഎം പാനൂര്‍ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുല്ല പറഞ്ഞു.

 

Back to top button
error: