കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് പോലീസില്‍ കീഴടങ്ങിയ മാവോയിസ്റ്റ് സുരേഷിന് സര്‍ക്കാര്‍ ഉടന്‍ നല്‍കുന്നത് 10 ലക്ഷം രൂപ. മറ്റാനുകൂല്യങ്ങളുമുണ്ട്. ചിക്കമഗളൂരു സ്വദേശിയായ സുരേഷിന്റെ പേരില്‍ കര്‍ണാടകയില്‍ 61 കേസുകളും കേരളത്തില്‍ ഇരുപതോളം കേസുകളുമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സംസാരിച്ച് ഈ കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയായാല്‍ സുരേഷിന് സാധാരണ ജീവിതം നയിക്കാം. ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
കേരളം, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കായി മാവോയിസ്റ്റ്കള്‍ രൂപവത്കരിച്ച പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള കബനീദളത്തിലാണ് സുരേഷ് പ്രവര്‍ത്തിച്ചിരുന്നത്. ഫെബ്രുവരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ഇയാളെ അഞ്ചംഗ മാവോയിസ്റ്റ് സംഘം പയ്യാവൂര്‍ പഞ്ചായത്തിലെ ചിറ്റാരിക്കോളനിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, മാവോയിസം ഉപേക്ഷിക്കുന്നതായി സുരേഷ് പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സുരേഷ് ഞായറാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് മാവോവാദം ഉപേക്ഷിക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്. സര്‍ക്കാര്‍രേഖ പ്രകാരം സുരേഷ് കീഴടങ്ങിയ മാവോവാദിയായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. 10 ലക്ഷം രൂപ ഉടന്‍ നല്‍കും.
പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷിന് പരിയാരം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകളിലായി വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ആസ്പത്രിയിലാണ് തുടര്‍ചികില്‍സ. കര്‍ണാടകയില്‍ ഭാര്യയും കുടുംബവുമുണ്ട്.
അതിനിടെ, 2021-ല്‍ വയനാട് ജില്ലാ പോലീസ് മേധാവി മുമ്പാകെ കീഴടങ്ങിയ വിരാജ്പേട്ടയിലെ രാമു വയനാട് എന്ന ലിജേഷിനുവേണ്ടി മൂന്നുകൊല്ലം കൊണ്ട് സര്‍ക്കാര്‍ ഭാരിച്ച തുകയാണ് ചെലവിട്ടത്. കീഴടങ്ങിയ ഉടന്‍ 3.94 ലക്ഷം രൂപ കൊടുത്തു. നിത്യച്ചെലവിന് എന്നപേരില്‍ മാസം 4000 രൂപ വേറെ നല്കുന്നു. സഹോദരിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവിന് 15,000 രൂപ നല്കി. സെന്റിന് അഞ്ചുലക്ഷത്തോളം രൂപ വരുന്ന നാലര സെന്റ് വീട് വെയ്ക്കാനായി വാങ്ങിക്കൊടുത്തു. ഇവിടെ വീടുപണിയാന്‍ 23 ലക്ഷം രൂപ നല്കി. പണി പൂര്‍ത്തിയായി വരികയാണ്. അടുത്തദിവസം താക്കോല്‍ കൈമാറും. ഉപകരണങ്ങളടക്കം പൂര്‍ണമായി സജ്ജമാക്കിയ വീടാണ് കൈമാറുന്നത്. വീട് പൂര്‍ത്തിയാകുന്നതുവരെ മാസം 15,000 രൂപ വാടകയുള്ള, രണ്ടുമുറി എയര്‍ കണ്ടീഷന്‍ചെയ്ത വീട്ടിലാണ് ലിജേഷിനെ പാര്‍പ്പിച്ചിരിക്കുന്നത്. വാടക നല്‍കുന്നത് സര്‍ക്കാര്‍ തന്നെ. ലിജേഷിനുവേണ്ടി ഇതുവരെ 65 ലക്ഷം രൂപയോളമാണ് സര്‍ക്കാര്‍ ചെലവിട്ടത്.
കീഴടങ്ങുന്ന ഓരോ മാവോയിസ്റ്റിനുംവേണ്ടി ഒരുകോടി വീതം ചെലവാക്കിയാലും സര്‍ക്കാരിന് നഷ്ടമില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് ഓഫീസര്‍ വെളിപ്പെടുത്തി. മാവോവാദികളെ വെടിവെച്ചുകൊന്നാല്‍ അവരോട് സഹതാപം ജനിക്കുകയും കൂടുതല്‍പേര്‍ അതില്‍ ചേരുകയും ചെയ്തേക്കാം. കീഴടങ്ങിയാല്‍ ഈ സാധ്യതകളും ഇല്ലാതാകും.