കൊച്ചി: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വാഹന രജിസ്ട്രേഷൻ കേസില്‍ തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി തള്ളി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എസിജെഎം കോടതിയെയാണ് സുരേഷ് ഗോപി സമീപിച്ചത് പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് നികുതി നഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. കേസിൻ്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കും.
2010, 2016 വർഷങ്ങളില്‍ സുരേഷ് ഗോപി രണ്ട് ആഡംബര കാറുകള്‍ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം.
പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്മെൻ്റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന വ്യാജ വിലാസമുണ്ടാക്കിയാണ് സുരേഷ് ഗോപി വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.