IndiaNEWS

കെജരിവാളിനെതിരെ യാതൊരു  തെളിവും കണ്ടെത്താനാകാതെ ഇഡി; രൂക്ഷ വിമർശനം 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരേ  തെളിവുണ്ടാക്കാന്‍ ഇ.ഡിയുടെ നെട്ടോട്ടം.ഒടുവിൽ ഒന്നും നടക്കാതെ വന്നതോടെ ഇലക്ട്രോണിക് തെളിവ് കണ്ടെത്താൻ ഇ.ഡി ഐ ഫോണ്‍ കമ്ബനിയായ ആപ്പിളിനെ സമീപിച്ചിരിക്കുകയാണ്.

കെജരിവാളിനെതിരെ യാതൊരു ഇലക്‌ട്രോണിക് തെളിവും കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെജരിവാളിന്റെ ആപ്പിള്‍ ഐഫോണ്‍ തുറക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും ഇവിടെയും പരാജയമായിരുന്നു ഫലം.

ഫോണിന്റെ പാസ്‌കോഡ് നല്‍കാന്‍ കെജരിവാള്‍ വിസമ്മതിച്ചതോടെ അന്വേഷണസംഘം ഐഫോണ്‍ കമ്ബനിയായ ആപ്പിളിനെ  സമീപിക്കുകയായിരുന്നു.എന്നാൽ ഉടമയുടെ അനുവാദമില്ലാതെ ഫോണ്‍ അണ്‍ലോക്ക് ചെയ്യില്ലെന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കില്ലെന്നും ആപ്പിള്‍ അറിയിച്ചതോടെ ഇവിടെയും ഇഡിക്ക് തിരിച്ചടി നേരിടുകയായിരുന്നു.

അന്വേഷണ ഏജന്‍സി എന്ന നിലയില്‍ ഔദ്യോഗികമായി ഇഡി ആവശ്യപ്പെട്ടാലും ആപ്പിളിന്റെ പ്രതികരണം മാറില്ലെന്നാണ് വിവരം.

ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സുരക്ഷാ നയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ സുരക്ഷാ ഏജന്‍സികളോട് പോലും തര്‍ക്കിച്ചുനിന്ന കമ്ബനിയാണ് ആപ്പിള്‍. 2015ല്‍ കാലിഫോര്‍ണിയയിലെ വെടിവെപ്പ് കേസില്‍ അക്രമികളായ ദമ്ബതികള്‍ ഉപയോഗിച്ച ഐഫോണ്‍ 5സി അണ്‍ലോക്ക് ചെയ്യാന്‍ യുഎസ് അന്വേഷണ എജന്‍സിയായ എഫ്ബിഐ ആപ്പിളിനെ സമീപിച്ചിരുന്നു.

ഉപയോക്താവിന്റെ സമ്മതം കൂടാതെ ഫോണിലെ ഒരു വിവരവും ചോര്‍ത്താന്‍ കഴിയില്ലെന്ന നിലപാടാണ് അന്നും ആപ്പിള്‍ കൈക്കൊണ്ടത്.ഇതേ തുടര്‍ന്ന് ആപ്പിളും യുഎസ് സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്കു വരെ നീങ്ങിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്കെന്നല്ല, ആര്‍ക്കും ഇതുവരെ ഐഫോണ്‍ അണ്‍ലോക്ക് ചെയ്ത് കൊടുത്തിട്ടില്ല. ഉപഭോക്താക്കളുടെ സ്വകാര്യത മാനിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നയം ആപ്പിള്‍ തുടരുന്നത്. ഈ നിലപാടാണ് അരവിന്ദ് കേജ്രിവാള്‍ പ്രതിയായ ഇഡി കേസിലും ആപ്പിള്‍ കൈക്കൊണ്ടിരിക്കുന്നത്.

ആപ്പിള്‍ എന്ന ബ്രാന്‍ഡ് വിശ്വാസയോഗ്യമാകുന്നത് ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതു കൊണ്ടാണെന്നിരിക്കെ ഇഡിയുടെ വിശ്വാസ്യത നാൾക്കുനാൾ ഇന്ത്യയിൽ കുറഞ്ഞുവരികയാണെന്നതാണ് വാസ്തവം.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഇഡിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയ സുപ്രീംകോടതി ആം ആദ്മി പാർട്ടി എംപിക്ക്  ജാമ്യവും അനുവദിച്ചിരുന്നു.മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) അറസ്‌റ്റ് ചെയ്‌ത ആം ആദ്‌മി പാര്‍ട്ടി (ആപ്‌) രാജ്യസഭാംഗം സഞ്‌ജയ്‌ സിങ്ങിനാണ് ഒടുവില്‍ ജാമ്യം ലഭിച്ചത്.

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ്‌ സഞ്‌ജയ്‌ സിങ്‌ അറസ്‌റ്റിലായത്‌.ശേഷം വിചാരണയില്ലാതെ ആറു മാസം ജയിലില്‍ കഴിഞ്ഞശേഷമാണ് സുപ്രീംകോടതി ഇടപെട്ട് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

കേസില്‍ സഞ്‌ജയ്‌ സിങ്ങിനെതിരേ ഇ.ഡിക്ക്‌ ഒന്നും കണ്ടെത്താനായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.മദ്യവില്‍പ്പന ലൈസന്‍സ്‌ അനുവദിച്ചതിന്‌ എ.എ.പി. കൈക്കൂലിയായി സ്വീകരിച്ചതായി ആരോപിക്കപ്പെടുന്ന പണത്തേക്കുറിച്ച്‌ ഒരു തുമ്ബും ഇതുവരെയായി നിങ്ങൾക്ക് കണ്ടെത്താനായിട്ടില്ലെന്നും കോടതി ഇ.ഡിയോടു പറഞ്ഞു.

ജസ്‌റ്റിസുമാരായ സഞ്‌ജീവ്‌ ഖന്ന, ദീപാങ്കര്‍ ദത്ത, പ്രസന്ന ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ ജാമ്യ ഹര്‍ജി പരിഗണിച്ചത്‌.

Back to top button
error: