SportsTRENDING

രണ്ട് റെഡ് കാർഡ്, സെൽഫ് ഗോൾ; നാണം കെട്ട തോൽവിയുമായി വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് (2-4)

കൊച്ചി: റെഡ് കാർഡും പെനാൽറ്റിയുമുൾപ്പടെയുള്ള ആദ്യ പകുതിയിലെ തിരിച്ചടികൾ അതിജീവിച്ചെങ്കിലും രണ്ടാം പകുതിയിൽ വീണ് കേരള ബ്ലാസ്റ്റേഴ്സ്.
ആദ്യപകുതിയിൽ ഈസ്റ്റ് ബംഗാളിനെതിരെ 1-1 ന് സമനിലയിൽ നിന്ന മത്സരം രണ്ടാം പകുതി അവസാനിക്കുമ്പോൾ 2-4 എന്ന സ്കോറിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.പതിവ് പോലെ ലീഡ് പിടിച്ച ശേഷമായിരുന്നു  ബ്ലാസ്റ്റേഴ്സിന്റെ നാണംകെട്ട തോൽവി.
ആദ്യപകുതിയുടെ 24ാം മിനിറ്റിൽ തന്നെ സെർനിച്ചിലൂടെ 1-0 ന്  ലീഡെടുത്ത ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ പെനാൽട്ടിയിലൂടെ സമനില ഗോൾ വഴങ്ങുകയായിരുന്നു.1-1.
71ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളിയുടെയും ഡിഫൻഡർമാരുടെയും പിഴവിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ വന്നു. 2-1.
82ാം മിനിറ്റിൽ സകായിയുടെ സെൽഫ് ഗോൾ ബ്ലാസ്റ്റേഴ്സിനെ 1-3ന് പിറകിലാക്കി.ഈസ്റ്റ് ബംഗാൾ താരം മഹേഷിന്റെ ശ്രമം ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്യാൻ ശ്രമിച്ചതാണ് വിനയായത്. 84-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാൾ താരം ഹിജാസി മെഹറിന്റെ വക സെൽഫ് ഗോളെത്തിയതോടെ 2-3.
 87ാം മിനിറ്റിൽ മഹേഷിലൂടെ ബംഗാൾ സംഘത്തിന്റെ നാലാം ഗോൾ പിറന്നു (4-2)
20 മത്സരങ്ങളിൽ 30 പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ്.കളിക്കൊപ്പം കൈയാങ്കളിയും അരങ്ങേറിയ പോരിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജീക്സൺ സിങ്ങും നാവോച സിങ്ങും ചുവപ്പ് കാർഡ് കണ്ട് മടങ്ങി.മഞ്ഞക്കാർഡ് വാങ്ങിയ ഹോർമിപാം സിങ്ങിന് അടുത്ത മത്സരത്തിൽ ഇറങ്ങാനുമാവില്ല.
അതേസമയം കഴിഞ്ഞ ദിവസം ഒഡീഷ പഞ്ചാബ് എഫ്സിയെ തോൽപ്പിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ പ്ലേ ഓഫിൽ കടന്നിരുന്നു. 21 പോയിന്‍റുമായി എട്ടാമതുള്ള പഞ്ചാബ് പരാജയം വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്.ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി ഈ‌ മാസം ആറിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ്.

Back to top button
error: