തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ.
തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പോള്‍ എക്സ്ചേഞ്ചില്‍ സംസാരിക്കുകയായിരുന്നു ശശി തരൂർ.
തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് എന്നതു ശരിയാണ്. പക്ഷെ വിജയം ബിജെപിയുടേത് ആയിരിക്കില്ല. കേരളത്തില്‍ രണ്ടക്ക സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ആ രണ്ടക്കങ്ങളും പൂജ്യമാണ്. തരൂർ കൂട്ടിച്ചേർത്തു.
ബിജെപി ഇത്തവണയും കേരളത്തില്‍ വിജയിക്കില്ലെന്ന് തിരുവനന്തപുരത്തെ ഇടതു സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ഒരു സീറ്റു പോലും ബിജെപി നേടില്ല. തിരുവനന്തപുരത്ത് 2014 ലും 2019 ലും ബിജെപിക്ക് വോട്ടു വിഹിതം വർധിച്ചത് മറ്റു പല കാരണങ്ങള്‍ കൊണ്ടാണ്. അടുത്തിടെ ബിജെപിക്ക് കോർപ്പറേഷനില്‍ രണ്ടു വാർഡുകള്‍ നഷ്ടമായി. ഇത് അവരുടെ പതനത്തിന്റെ ലക്ഷണമാണെന്ന് പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.