KeralaNEWS

നാട്ടുമാവുകൾ കാണാനില്ല; പൊള്ളുന്ന വിലയ്ക്ക് മാങ്ങ വാങ്ങി മലയാളി

രുകാലത്ത് നാട്ടിലെ ഇടവഴികളിൽ തുരുതുരാ പൊഴിഞ്ഞു കിടന്നിരുന്ന മാങ്ങയും പൊള്ളുന്ന വിലക്ക് വാങ്ങേണ്ട ഗതികേടിലാണ് ഇന്ന് മലയാളികൾക്ക്.
നാട്ടുമാവുകളൊന്നും കാണാനില്ല. കുടിയിരുത്തിയ മാവുകളും ഇത്തവണ വിരളമായേ കായ്ച്ചിട്ടുള്ളൂ. കാലാവസ്ഥയിലെ താളപ്പിഴയാണ് കാരണമായി കൃഷി ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനാല്‍ പുറത്തുനിന്ന് എത്തുന്ന മാമ്ബഴമാണ് ആളുകള്‍ വാങ്ങുന്നത്. ഏതിനമായാലും നൂറിന് മുകളിലാണ് വില.പലതും മരുന്നടിച്ചെത്തുന്നവ.

രുചിയില്‍ ഒന്നാമതുണ്ടായിരുന്ന ഒളോർ മാമ്ബഴം ഉല്‍പാദനം കുറഞ്ഞതോടെ കിട്ടാക്കനിയായി. വിപണിയില്‍ അപൂർവമായി മാത്രം ലഭിക്കുന്ന മാമ്ബഴത്തിന് കിലോയ്ക്ക് 200നു മുകളിലാണ് വില.മൂവാണ്ടനും കിളിച്ചുണ്ടനുമൊന്നും കാണാനേയില്ല.

വ്യത്യസ്തയിനം നാട്ടുമാവുകൾ കൊണ്ട് സമ്പന്നമായിരുന്നു ഒരുകാലത്ത് കേരളത്തിലെ ഗ്രാമങ്ങൾ. മൂവാണ്ടൻ, വെല്ലത്താൻ, മധുരക്കോട്ടി, മഞ്ഞ ചോപ്പൻ, തുടങ്ങി എണ്ണിയാൽ തീരാത്ത മാവിനങ്ങൾ…

Signature-ad

കേരളത്തിൽ മാത്രം നാടൻ മാവുകളുടെ 1,200ൽ പരം ഇനങ്ങൾ ഉണ്ടായിരുന്നതായി ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിക്കുന്നുണ്ട്. ചിലപ്പോൾ ഒരേ ഇനത്തിൽ പ്രാദേശിക പേര് വ്യത്യാസം ആരോപിക്കുന്നത് കൊണ്ടായിരിക്കാം ഈ വലിയ സംഖ്യ. മഹാകവി വൈലോപ്പിള്ളിയുടെ മാമ്പഴം കവിതയിലെ അമ്മ, തന്റെ കുഞ്ഞോമനയോട് ദേഷ്യപ്പെട്ടത് ഒരു മാവിൻ പൂങ്കുല നുള്ളിയതിനാണെങ്കിൽ നാട്ടുമാവുകളെ കൊല്ലാക്കൊല ചെയ്ത് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതിന് കേരളീയർ ഇതിനകം എത്ര തല്ല് കൊണ്ടിരിക്കണം?

തച്ചാലും കൊന്നാലും പഠിക്കില്ലെന്നതാണ് നാട്ടു മാവുകളുടെ സംരക്ഷണ കാര്യത്തിൽ കേരളീയരുടെ അവസ്ഥ. രുചി വൈവിധ്യത്തിന്റെ കലവറയായ നാട്ടുമാവുകളുടെ നൂറുകണക്കിന് ഇനങ്ങളെയാണ് ഇതിനകം നാം കൊന്നൊടുക്കിയത്. ഒരിക്കലും തിരിച്ചെടുക്കാനാകാത്ത വിധത്തിൽ അവ നാമാവശേഷമായിക്കഴിഞ്ഞു. പഴങ്ങളിലെ രാജാവാണ് മാങ്ങ. ഇന്ത്യയുടെ ദേശീയ ഫലമെന്ന സ്ഥാനവും മാങ്ങക്കുണ്ട്. ലോകരാജ്യങ്ങളിൽ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലാണ് മാവ് കൂടുതലായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്.പക്ഷെ കേരളത്തിന്റെ സ്ഥാനം ഇന്നെവിടെയാണെന്ന് മാത്രം ചോദിക്കരുത്.

റബ്ബർ കൃഷിയുടെ വ്യാപനത്തിനായി (1940 ന് ശേഷം) കുന്നുകളും മേടുകളും യാതൊരു നിയന്ത്രണവുമില്ലാതെ വെട്ടിവെളിപ്പിക്കപ്പെട്ടു. അക്കൂട്ടത്തിൽ നശിപ്പിക്കപ്പെട്ടതിൽ ഭൂരിഭാഗവും നാട്ടുമാവുകളായിരുന്നു.വിറകാവശ്യങ്ങൾക്ക് വേണ്ടി വ്യാപകമായി വെട്ടിനശിപ്പിക്കപ്പെട്ടതിലും പ്രഥമ സ്ഥാനം നാട്ടുമാവുകൾക്കായിരുന്നു. നാട്ടുമാവുകളുടെ സംരക്ഷണത്തിന് സർക്കാറോ കൃഷി വകുപ്പോ പ്രത്യേക പദ്ധതികൾ തയാറാക്കുകയോ നാട്ടുമാവ് പ്രോൽസാഹന നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. വീടുകൾ ചെറിയ പ്ലോട്ടുകളിലായപ്പോൾ നാട്ടുമാവിന് വളരാൻ ഇടമില്ലാതായി. പകരം ഒട്ടുമാവുകൾ സ്ഥാനം പിടിച്ചു. നാട്ടുമാവുകളുടെ പ്രാധാന്യം തിരിച്ചറിയാത്ത കേരളീയ സമൂഹം അവയുടെ സംരക്ഷണത്തിനായി കാര്യമായൊരു ഇടപെടലും നടത്തിയില്ല. സങ്കരയിനങ്ങളുടെയും വിദേശ ഇനങ്ങളുടെയും വരവോടെയാണ് വീട്ടുമുറ്റങ്ങളിൽ നിന്ന് നാടൻ മാവുകൾ അപ്രത്യക്ഷമായത്. പെട്ടെന്ന് ഫലം കിട്ടണമെന്ന ചിന്തയിൽ നാട്ടുമാവുകളെ ഒഴിവാക്കുന്ന സാമൂഹിക സമീപനം വ്യാപകമായതും നാടൻ മാവുകളെ ഇല്ലാതാക്കി.

ആരെന്ത് പറഞ്ഞാലും നാട്ടുമാങ്ങയുടെ രുചി അതൊന്ന് വേറെ തന്നെയാണ്. രുചി മാത്രമല്ല, ഔഷധ ഗുണവും മണവും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. നാട്ടുമാവുകൾ 150 മുതൽ 300 വർഷം വരെ വളരുമ്പോൾ 35 വർഷം മാത്രമാണ് ഒട്ടുമാവുകളുടെ ( സങ്കരയിനം മാവുകളുടെ) ആയുസ്സ്. നിത്യഹരിതവനം സൃഷ്ടിക്കുന്ന നാട്ടുമാവിൽ ഒരേ സമയം ആയിരക്കണക്കിന് മാങ്ങകൾ  ഉണ്ടാകും. സങ്കരയിനങ്ങളിൽ നാട്ടുമാവുകളുകളിൽ ഉണ്ടാകുന്ന മാങ്ങയുടെ നേർപകുതി മാത്രമാണ് ഉണ്ടാകുക. നാരും മാംസവും രുചിയും ഒരുപോലെയടങ്ങിയ നാട്ടുമാമ്പഴങ്ങൾക്ക് പകരംവെക്കാവുന്ന പഴങ്ങൾ തീരെ അപൂർവം. ഉയർന്ന് വളരുന്നതുപോലെ, പടർന്ന് വളരുന്നതും നാടൻ മാവുകളുടെ പ്രത്യേകതയാണ്.

Back to top button
error: