MovieNEWS

മരുഭൂമിയില്‍ അനുഭവിച്ചത് മനസിലാക്കി കൊടുക്കണം; നഗ്‌നനായി നില്‍ക്കുന്ന രംഗം എന്തിന് ചെയ്തുവെന്ന് പൃഥ്വി

പൃഥ്വിരാജിന്റെയും ബ്ലസിയുടെയും വര്‍ഷങ്ങള്‍ നീണ്ട കഷ്ടപ്പാടിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ് ആടുജീവിതം മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ എത്തിയത്. പതിനാറ് വര്‍ഷത്തോളമായി പൃഥ്വിരാജും ബ്ലസിയും ആടുജീവിതത്തിന് പിന്നാലെയായിരുന്നു. മരുഭൂമിക്കഥകള്‍ ഒരുപാട് കണ്ട മലയാളിക്ക് മുന്നിലേക്ക് അതൊന്നുമല്ലാത്ത ജീവിതം പറഞ്ഞ് തന്ന ചിത്രമാണ് ആടുജീവിതം. അത് കൂടാതെ ഭൂരിഭാഗം ആളുകളും വായിച്ച നോവല്‍ എന്ന രീതിയിലും ആടുജീവിതം സിനിമയായി മാറുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ സിനിമാപ്രേമികള്‍ക്ക് ആകാംഷയുണ്ടായിരുന്നു.

നോവല്‍ വായിക്കുമ്പോള്‍ ലഭിക്കുന്ന അതേ അനുഭവം തരാന്‍ സിനിമയ്ക്കും സാധിച്ചിട്ടുണ്ടെന്നാണ് ആടുജീവിതം കണ്ടശേഷം പ്രേക്ഷകര്‍ പറയുന്നത്. ഗള്‍ഫിലെ ജോലി സ്വപ്നം കണ്ട് ഉള്ളതെല്ലാം വിറ്റുപെറുക്കി വിസയ്ക്ക് പണമടച്ച് വിമാനം കയറിയ മലയാളി യുവാവ് നജീബ് എയര്‍പോട്ടില്‍വെച്ച് കണ്ടുമുട്ടിയ അറബിയാല്‍ പറ്റിക്കപ്പെടുന്നു.

പിന്നീട് രണ്ട് വര്‍ഷത്തോളം മരുഭൂമിയില്‍ അതേ അറബിയുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങി ആടുകളെയും ഒട്ടകത്തെയും മേച്ചുള്ള ജീവിതം. ഭക്ഷണവും കുടിവെള്ളവും പോലും ലഭിക്കാതെ നരകജീവിതം നയിച്ച നജീബ് പിന്നീട് അവിടെ നിന്നും രക്ഷപ്പെടുന്നതുമാണ് ആടുജീവിതം സിനിമ. സിനിമ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ പൃഥ്വിരാജ് വിവസ്ത്രനായി കുളിക്കുന്ന ഒരു രംഗമുണ്ട്. മെലിഞ്ഞൊട്ടിയ ശരീരവും പരിക്കേറ്റ കാലുകളുമായി നടന്നുനീങ്ങുന്ന പൃഥ്വിരാജിന്റെ നജീബ് ഉള്ളുപൊള്ളിക്കുന്ന കാഴ്ചയാണ്.

ആടുകളെയും ഒട്ടകത്തെയും മേച്ച് ജീവിക്കുന്ന വ്യക്തിയായി ഭക്ഷണം ലഭിക്കാതെ ശുദ്ധജലം ഉപയോഗിക്കാന്‍ അവസരം ലഭിക്കാതെ സ്വന്തം ഭാഷ പോലും മറന്നുപോകുന്നുണ്ട് നജീബ്. നീണ്ട നാളത്തെ മരുഭൂമി വാസത്തിനിടെ സ്വതന്ത്രമായി ജലം ഉപയോഗിക്കാന്‍ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുന്ന നജീബ് സിനിമയില്‍ ഒരിടത്തുണ്ട്.

ഇപ്പോഴിതാ സിനിമയില്‍ ആ സീനില്‍ നഗ്‌നനായി നില്‍ക്കുന്ന രംഗം എന്തിന് ചെയ്തുവെന്ന് നായകന്‍ പൃഥ്വിരാജ് വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ‘ഒരു സംവിധായകന്റെ കാഴ്ചപ്പാടിനൊപ്പം യാത്രചെയ്യുക മാത്രമാണ് അഭിനേതാവ് ചെയ്യുന്നത്. അതിലൊരു ചാഞ്ചാട്ടമുണ്ടെന്ന് കണ്ടാല്‍ നമ്മള്‍ പിറകോട്ട് ചുവടുവെക്കും. ലേസര്‍ ഫോക്‌സുമായി പോകുന്ന ബ്ലെസി മുന്നില്‍ ഉണ്ടായതും ആശയക്കുഴപ്പത്തിന് സാധ്യതയുണ്ടായില്ല.’

‘കഥാനായകന്റെ ശരീരത്തില്‍ സംഭവിച്ച മാറ്റം കണ്ടിട്ടുവേണം അയാള്‍ മരുഭൂമിജീവിതത്തില്‍ എന്തുമാത്രം അനുഭവിച്ചുവെന്ന് പ്രേക്ഷകര്‍ മനസിലാക്കാന്‍. വസ്ത്രം മുഴുവനായി അഴിച്ചുമാറ്റുന്ന രംഗം കണ്ട് ഇയാള്‍ ഇത്രമാത്രം ദുഖദുരിതങ്ങള്‍ അനുഭവിച്ചുവെന്ന് ഒരു പ്രേക്ഷകന് മനസിലാക്കി നല്‍കുകയായിരുന്നു ലക്ഷ്യം’, എന്നാണ് പൃഥ്വരാജ് പറയുന്നത്. ഏറെ കയ്യടി ലഭിച്ച രംഗങ്ങളില്‍ ഒന്നായിരുന്നു അത്.

ഇരുപത്തിയഞ്ചാം വയസിലാണ് പൃഥ്വിരാജ് ആടുജീവിതം സിനിമയില്‍ അഭിനയിക്കാമെന്ന് വാക്കുകൊടുക്കുന്നത്. പക്ഷെ പ്രീപ്രൊഡക്ഷനും ഷൂട്ടും എല്ലാം കഴിഞ്ഞ് സിനിമ റിലീസ് ചെയ്തപ്പോഴേക്കും പൃഥ്വിരാജിന് വയസ് 41ആയി. പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമായാണ് ആടുജീവിതത്തിലെ കഥാപാത്രത്തിനെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

പലയിടങ്ങളിലും പൃഥ്വിരാജാണ് നജീബായി മേക്കപ്പിട്ട് നില്‍ക്കുന്നതെന്ന് പോലും പ്രേക്ഷകര്‍ മറന്ന് പോകുന്ന സാഹചര്യമുണ്ടായിരുന്നു. കാരണം അത്രത്തോളം ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ പൃഥ്വിരാജ് നടത്തിയിരുന്നു. അമല പോള്‍ നായികയായ ചിത്രത്തിന് എ.ആര്‍ റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരള ബോക്‌സ് ഓഫീസില്‍ മാത്രം ചിത്രം റിലീസ് ദിനത്തില്‍ ആകെ നേടിയത് ആറ് കോടിയില്‍ അധികം കലക്ഷനാണ്.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങിയിരുന്നു. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി റെക്കോഡാണ് ആടുജീവിതം തിരുത്തിയത്.

 

Back to top button
error: