ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ റോഡില്‍ കസേരയിലിരുന്ന് പ്രതിഷേധിച്ച തൊണ്ണൂറുകാരി യാത്രയായി. ആറുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാതെയാണ് എച്ച്.പി.സി. റോഡരികില്‍ താമസിക്കുന്ന പൊന്നമ്മ ഞായറാഴ്ച ഉച്ചയ്ക്ക് മരിച്ചത്.
ഫെബ്രുവരി എട്ടിനാണ് പൊന്നമ്മ വാര്‍ധക്യ പെന്‍ഷന്‍ മുടങ്ങിയതിനെതിരേ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ചത്. കൂലിപ്പണിക്കാരനായ മകന്‍ മായനോടൊപ്പമാണ് പൊന്നമ്മ കഴിഞ്ഞിരുന്നത്. പെന്‍ഷന്‍ മുടങ്ങിയതോടെ ആഹാരത്തിന് പോലും ബുദ്ധിമുട്ടായിരുന്നു. അതേത്തുടര്‍ന്നാണ് അവശതകള്‍ക്കിടയിലും പൊന്നമ്മ റോഡിലിരുന്ന് പ്രതിഷേധിച്ചത്.
രണ്ടുമണിക്കൂറിന് ശേഷം പോലീസ് എത്തി ഇവരെ അനുനയിപ്പിച്ച് വീട്ടിലേക്ക് അയച്ചു. പിറ്റേന്ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്നമ്മയുടെ വീട്ടിലെത്തി വീട്ടാവശ്യത്തിനുള്ള സാധനങ്ങളും ഒരുമാസത്തെ പെന്‍ഷനും നല്‍കി. മാതൃഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പൊന്നമ്മയെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് ജീവകാരുണ്യ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി മുകേഷ് ജൈന്‍ പൊന്നമ്മയുടെ വീട്ടിലെത്തി വസ്ത്രങ്ങളും സാമ്പത്തികസഹായവും നല്‍കി. കൂടാതെ, സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നതുവരെ പൊന്നമ്മയ്ക്ക് കോണ്‍ഗ്രസ് പെന്‍ഷന്‍ നല്‍കുമെന്ന് ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യു വാഗ്ദാനം ചെയ്തിരുന്നു. ഒരുമാസത്തെ പെന്‍ഷനും കോണ്‍ഗ്രസ് നല്‍കി.
സമരത്തിനുശേഷം സര്‍ക്കാരിന്റെ ഒരുമാസത്തെ പെന്‍ഷന്‍ മാത്രമാണ് പൊന്നമ്മയ്ക്ക് ലഭിച്ചത്. ആറുമാസത്തെ പെന്‍ഷന്‍ ബാക്കി ലഭിക്കാനുണ്ടായിരുന്നു.