KeralaNEWS

തലയുയര്‍ത്തി ധനകാര്യ വകുപ്പ്; കൊടുക്കാം സര്‍ക്കാരിനൊരു ‘ബിഗ് സല്യൂട്ട്’

സാമ്പത്തിക വര്‍ഷത്തെ ട്രഷറി ഇടപാടുകള്‍ ഇന്നലെ അവസാനിച്ചു. മാര്‍ച്ച് മാസത്തില്‍ 26,000 കോടിയോളം രൂപയാണ് ട്രഷറിയില്‍നിന്നും വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ചെലവ് 22,000 കോടി രൂപയായിരുന്നു.
എല്ലാ മേഖലയ്ക്കും ആവശ്യമായ പണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം തുടരുന്ന ഘട്ടത്തിലും പൊതുചെലവ് മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. സുപ്രീംകോടതിയില്‍ നല്‍കിയ കേസിന്റ പേരില്‍ അര്‍ഹതപ്പെട്ട വായ്പ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കേരളം നേരിട്ടത്. ഈ വെട്ടിക്കുറവുകള്‍ അനീതിയാണെന്നാണ് കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കണമെന്ന ആവശ്യമാണ് ഇടക്കാല ഉത്തരവ് അപേക്ഷയില്‍ കേരളം സുപ്രീംകോടതിയില്‍ മുന്നോട്ടുവച്ചത്.

സംസ്ഥാനത്തിന് ഏറ്റവും ന്യായമായി ലഭിക്കേണ്ട നികുതി വിഹിതത്തിന്റെ പകുതിയോളം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുക വഴി ഭീമമായ നഷ്ടമാണ് നമുക്കുണ്ടാകുന്നത്. പലയിനത്തില്‍ 57,400 കോടി രൂപ പ്രതിവര്‍ഷം കുറച്ചിട്ടും നമ്മള്‍ പിടിച്ചുനിന്നു. സംസ്ഥാനം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ പേരില്‍ അനുവദിച്ച കടം പോലും നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കേസ് കൊടുക്കുക എന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശമാണെന്ന സുപ്രീംകോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന് നിലപാട് മാറ്റേണ്ടിവന്നു.

Signature-ad

കേന്ദ്ര നിലപാടുകളുടെ ഭാഗമായി സംസ്ഥാനത്ത് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പ്രതിപക്ഷത്തിന് ആഹ്ലാദിക്കാനുള്ള വകയായിരുന്നു. ശമ്പളം മുടങ്ങുമെന്നും ട്രഷറി പൂട്ടുമെന്നും അവര്‍ സ്വപ്നം കണ്ടു. ക്ഷേമ പെന്‍ഷന്‍ നല്‍കില്ലെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്നും ഇവര്‍ പ്രചരിപ്പിച്ചു. കേരള ജനത ദുരിതത്തിലാകുന്നതുകണ്ട് സന്തോഷിക്കുന്ന സാഡിസ്റ്റ് മനോഭാവമാണ് ഇവര്‍ പ്രകടിപ്പിച്ചത്.
എന്നാല്‍, ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതായി സംസ്ഥാനത്തിന്റെ ധനകാര്യ പ്രവര്‍ത്തനങ്ങള്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാന വളര്‍ച്ചയും കൃത്യമായ ധനമാനേജുമെന്റും കൊണ്ടാണ് നമ്മുടെ സംസ്ഥാനം പിടിച്ചുനിന്നത്.

സംസ്ഥാനത്തിന്റെ ധനകാര്യ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി പ്രസംഗിച്ചത്. കേരളത്തിന്റെ ഇരട്ടിയോടടുത്ത് ശതമാനം കടമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ധനകാര്യ മന്ത്രിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും. സംസ്ഥാനത്തിന്റെ ധനകാര്യ വിഷയങ്ങളെ സുപ്രീം കോടതി തന്നെ വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാനം പറയുന്നതില്‍ കഴമ്പുണ്ടെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
14-ാം ധനകാര്യ കമ്മീഷന്‍ കാലങ്ങളില്‍ ലഭിച്ച തുകയുടെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി 21,000 കോടി രൂപയുടെ അര്‍ഹമായ കേന്ദ്ര വിഹിതം നിഷേധിക്കപ്പെട്ടിട്ടും 30,000 കോടിയോളം രൂപയുടെ തനത് വരുമാന വര്‍ദ്ധനവ് സാധ്യമാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. സാമൂഹ്യ സുരക്ഷാ പെന്‍ഷനും പൊതു ചികിത്സാ സൗകര്യങ്ങള്‍ക്കും ഉള്‍പ്പടെ ഒരു കുറവും വരുത്താതിരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇതു കൂടാതെ കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താന്‍ 750 കോടി രൂപയും, കെ.എസ്.ആര്‍.ടി.സി, കെ.റ്റി.ഡി.എഫ്.സി, കേരള ബാങ്ക് എന്നീ മൂന്ന് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സാമ്പത്തിക കുരുക്ക് പരിഹരിക്കാന്‍ 412.5 കോടി രൂപയും നല്‍കി. ഈ മാസം സപ്ലൈയ്‌ക്കോയ്ക്കും 550 കോടി നല്‍കി. പട്ടികജാതി പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്കം, ന്യൂനപക്ഷം, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കു ന്നവര്‍ തുടങ്ങീ വിഭാഗങ്ങളിലെ കുട്ടികളുടെ മുന്‍ വര്‍ഷങ്ങളിലെടയക്കം സ്‌കോളര്‍ഷിപ്പ് തുകകള്‍ പൂര്‍ണമായും ലഭ്യമാക്കി.
202223 വരെയുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി 454.15 കോടി രൂപയാണ് അനുവദിച്ചത്. അതിദാരിദ്രയ നിര്‍മ്മാര്‍ജന പദ്ധതിക്കായി 50 കോടി രൂപയാണ് ഈ വര്‍ഷം ചെലവഴിച്ചത്.

റബര്‍ കര്‍ഷകര്‍ക്ക് കുടിശികയില്ലാതെ ഉല്‍പാദന ബോണസ് വിതരണം ചെയ്തു. റബറിന്റെ താങ്ങുവില കിലോഗ്രാമിന് 180 രൂപയായി ഉയര്‍ത്തി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ നിഷേധിക്കപ്പെട്ട കേന്ദ്ര വിഹിതവും സംസ്ഥാനമാണ് നല്‍കുന്നത്. മാസം 20 പ്രവൃത്തി ദിവസങ്ങളുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളിക്ക് 13,500 രുപവരെ വേതനം ഉറപ്പാക്കുന്നു. ഇതില്‍ കേന്ദ്ര വിഹിതം 600 രുപയും, സംസ്ഥാന വിഹിതം 12,900 രൂപയുമാണ്. കേന്ദ്ര സര്‍ക്കാര്‍ വിഹിതം നിഷേധിക്കപ്പെട്ട എന്‍എച്ച്എം, ആശ, അങ്കണവാടി ഉള്‍പ്പെടെ സ്‌കീം പ്രവര്‍ത്തകര്‍ക്കും വേതനം ഉറപ്പാക്കുന്നത് സംസ്ഥാനമാണ്. പത്തു വര്‍ഷത്തിനുമുകളില്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍ മാര്‍ക്കും 1000 രൂപ വേതനം വര്‍ധിപ്പിച്ചു. മറ്റുവര്‍ക്ക് 500 രൂപയും. 60,232 പേര്‍ക്കാണ് പ്രയോജനം ലഭിക്കുക . കേന്ദ്ര സര്‍ക്കാര്‍ വിഹിതം നിഷേധിക്കുന്ന ആശ വര്‍ക്കര്‍മാരുടെ പ്രതിഫലവും 1000 രുപ വര്‍ധിപ്പിച്ചു.

41.96 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)ക്ക് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍മാത്രം 350 കോടി രൂപ നല്‍കി. രണ്ടാം പിണറായി സര്‍ക്കാര്‍ മാത്രം 2795 കോടി രൂപ കാസ്പിനായി നീക്കി വച്ചു.
സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനായി നല്‍കിയത് 26,378 കോടി രൂപയാണ്. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെന്‍ഷന്‍ തുകകളും പ്രതിമാസം 1600 രൂപയാക്കി ഉയര്‍ത്തി.ഭവനരഹിതര്‍ക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിക്ക് മതിയായ സംസ്ഥാന വിഹിതം ഉറപ്പാക്കി. പരമ്പരാഗത മേഖലയിലും ബജറ്റ് വിഹിതത്തിനപ്പുറം സഹായം നല്‍കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിച്ചു. വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചു. 5.07 ലക്ഷം പേര്‍ക്കായി 628 കോടി രൂപയാണ് ഈമാസം ലഭിക്കുന്നത്. ക്ഷാമാശ്വാസവും അനുവദിച്ചു.

കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞവര്‍ഷം ബജറ്റില്‍ വകയിരുത്തിയത് 900 കോടി രൂപയാണെങ്കിലും, വര്‍ഷാവസാനമാകുമ്പോഴേക്കും അനുവദിച്ചു നല്‍കിയത് 2266 കോടി രൂപയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ മാത്രം ഇതുവരെ കെഎസ്ആര്‍ടിസിക്ക് നല്‍കിയ സഹായം 5567 കോടി രൂപയാണ്. കെഎസ് ഇബിയുടെ നഷ്ടം നികത്താന്‍ 750 കോടി രൂപ കഴിഞ്ഞ മാസം അനുവദിച്ചു. സപ്ലൈകോയ്ക്ക് 550 കോടിയും നല്‍കി.
കെഎസ്എഫ്ഇ, കെഎഫ്സി, കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മൂലധന പര്യാപ്തത ഉറപ്പാക്കി. കോഴിക്കോട് നഗര വികസന പദ്ധതിയില്‍ 1313 കോടി രൂപ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. കൊല്ലം നഗരപാത വികസന പദ്ധതിയില്‍ 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കലിന് അംഗീകാരമായി. വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ വന്‍കിട പദ്ധതികള്‍ക്ക് ആവശ്യമായ സംസ്ഥാന വിഹിതവും ഉറപ്പാക്കി.

കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു തന്നെയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുത്തത്. നികുതി- നികുതിതേര വരുമാനങ്ങളില്‍ ഉണ്ടായ മികച്ച മുന്നേറ്റമാണ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും നല്ല നിലയില്‍ മുന്നോട്ടുപോകാന്‍ കേരളത്തിന് കരുത്താകുന്നത്. 202223 സാമ്പത്തിക വര്‍ഷം തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണുണ്ടായത്. കഴിഞ്ഞവര്‍ഷവും സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലെ മുന്നേറ്റം തുടരുന്നതായാണ് ഫെബ്രുവരി വരെയുള്ള സിഎജിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 202324 ല്‍ ഫെബ്രുവരി 29 വരെ കേരളത്തിന്റെ നികുതി വരുമാനം 85,579 കോടി രൂപയാണ്. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 78,959 കോടി രൂപയായിരുന്നു. 6620 കോടി രൂപയുടെ വര്‍ധനയുണ്ട്. നികുതിതേര വരുമാനത്തിലും 4274 കോടി രൂപയുടെ വര്‍ദ്ധനവുണ്ട്. 202324 സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരിവരെ 12,275 കോടി രൂപയാണ് നികുതിേേയതര വരുമാനം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 8001 കോടിയും. ജി.എസ്.ടി വരുമാനം 11 മാസം കൊണ്ട് 2263 കോടി രൂപ വര്‍ദ്ധിച്ചു. 34,200 കോടി രൂപയാണ് വരവ്. മുന്‍വര്‍ഷം ഇതേ കാലയളവിലെ വരവ് 31,937 കോടിയും. ഫെബ്രുവരിവരെ വില്‍പന നികുതി വരുമാനം 23,448 കോടിയാണ്. മുന്‍വര്‍ഷം ഇതേകാലയളവിലെ വരുമാനം 22,739 കോടിയും. 709 കോടി അധികമായി സമാഹരിച്ചു. ഏതാണ്ടെല്ലാ തനത് വരുമാന മേഖലയിലും ബജറ്റ് ലക്ഷ്യം നേടുമെന്നുതന്നെയാണ് സിഎജി കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍, സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര ഗ്രാന്റുകളില്‍ വലിയ കുറവാണുണ്ടായതായി ഇതേ കണക്കുകള്‍ വ്യക്തമാക്കുന്നു. 202223 ല്‍ സാമ്പത്തിക വര്‍ഷം ഫെബ്രുവരിവരെ ഗ്രാന്റുകളായി ലഭിച്ചത് 24,639 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് 8688 കോടിയും. 15,951 കോടി രൂപയുടെ കുറവാണുണ്ടായത്.
കേന്ദ്ര ഗ്രാന്റുകളിലും ഇത്രയും വലിയ തുകയുടെ കുറവുണ്ടാകുന്നത് സംസ്ഥാനത്തിന്റെ ധനകാര്യങ്ങളെ സാരമായി ബാധിക്കും. ഇക്കാര്യത്തില്‍മാത്രം കേരളത്തിലെ പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. കേന്ദ്ര സര്‍ക്കാരിനെതിരായി വായ് തുറക്കാന്‍ തയ്യാറാകുന്നുമില്ല.
വികസന, ക്ഷേമ ചെലവുകള്‍ തടഞ്ഞാല്‍ ഒരു ധനപ്രതിസന്ധിയുമില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകും.

പല സംസ്ഥാനങ്ങളും പിന്തു ടരുന്ന ഈ രീതി സ്വീകാര്യമല്ലെന്നാണ് കേരളം പ്രഖ്യാപിച്ചിട്ടുള്ളത്. അര്‍ഹതപ്പെട്ട സാമ്പത്തികാധികാരങ്ങള്‍ക്കായി ഭരണപരമായും രാഷ്ട്രീയ മായും നിയമപരമായുമുള്ള പോരാട്ടത്തിലാണ് കേരളം. സുപ്രീംകോടതിയില്‍ നല്‍കിയ കേസിന്റ പേരില്‍ അര്‍ഹതപ്പെട്ട വായ്പയും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കേരളം നേരിട്ടത്. പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് പറഞ്ഞ് നിലവിലെ ധനകമ്മീഷന്റെ കാലത്ത് അവ വെട്ടിക്കുറയ്ക്കുകയായിരുന്നു. 21,000 കോടിയോളം രൂപയാണ് ഇത്തരത്തില്‍ വെട്ടിക്കുറയ്ക്കപ്പെട്ടത്. കിഫ്ബിയും സോഷ്യല്‍സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിയും കടമെ ടുത്തതിന്റെ പേരില്‍ പേരിലും സം സ്ഥാനത്തിന് ലഭിക്കേണ്ട തുകകള്‍ നിഷേധിച്ചു.

ഈ വെട്ടിക്കുറവുകള്‍ അനീതിയാണെന്നാണ് കേരളം സു പ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ വായ്പ എടുക്കാനുള്ള അനുമതിയ്ക്കായാണ് ഇടക്കാല ഉത്തരവ് അപേക്ഷ കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഇരു ഭാഗവും കേട്ട കോടതിയുടെ വിധി പ്രതീക്ഷിക്കുകയാണ് സംസ്ഥാനം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നമുക്ക് ലഭിക്കേണ്ട തുകകള്‍ അനുവദിക്കപ്പെടുന്നില്ലെന്ന പ്രശ്‌നം നിലനില്‍ക്കുകയാണ്. നമുക്ക് അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നതില്‍ ലോക്‌സഭയിലെ കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ പരാജയപ്പെട്ടു എന്നത് പറയാതിരിക്കാനാകില്ല. സംസ്ഥാന നിയമസഭയും നമ്മുടെ മന്ത്രിമാരും എം.എല്‍.എ മാരും ഒക്കെ കൂട്ടായി ഭരണപരമായും രാഷ്ട്രീയമായും നിയമപരമായും വിഷയം പലവേദികളും ഉന്നയിച്ചു. എന്നാല്‍ എം.പിമാര്‍ കേരളത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്കെതിരെ നിലയുറപ്പിക്കുകയാണുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയും പ്രതിപക്ഷ കക്ഷികളുടെ നിസ്സഹകരണവും പാരവയ്പും നിറഞ്ഞാടിയ ഈ നാളുകളില്‍ കേരള ജനതയെ കരുതലോടെ കാത്ത ഇടതുപക്ഷ സര്‍ക്കാരിനും ബഹു. മുഖ്യമന്ത്രിക്കും ബഹു. ധനകാര്യ മന്ത്രിക്കും ഹൃദയത്തില്‍ നിന്നൊരു ബിഗ് സല്യൂട്ട്..

 

Back to top button
error: