IndiaNEWS

അദ്വാനിക്ക് വസതിയിലെത്തി ഭാരതരത്‌ന സമ്മാനിച്ച് രാഷ്ട്രപതി; ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ലാല്‍കൃഷ്ണ അദ്വാനിയെ രാജ്യം ഭാരതരത്ന പുരസ്‌കാരം നല്‍കി ആദരിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്വാനിയുടെ വീട്ടിലെത്തിയാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കിയത് . ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കമുള്ളവരും സന്നിഹിതരായിരുന്നു.

അനാരോഗ്യം കാരണം ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്വാനിക്ക് പങ്കെടുക്കാനായില്ല. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗ്, മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂര്‍, കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ.എം.എസ്.സ്വാമിനാഥന്‍ എന്നിവരുടെ കുടുംബങ്ങള്‍ രാഷ്ട്രപതി ഭവനില്‍ ബഹുമതി ഏറ്റുവാങ്ങി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വികസനത്തിനായി അദ്വാനി നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്നും ഭാരതം കണ്ടതില്‍ വച്ച് ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘ഭാരത് രത്ന’ ഞാന്‍ സ്വീകരിക്കുന്നത് അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടിയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് മാത്രമല്ല, എന്റെ ജീവിതത്തിലുടനീളം എന്റെ കഴിവിന്റെ പരമാവധി സേവിക്കാന്‍ ഞാന്‍ ശ്രമിച്ച ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും ഉള്ള ബഹുമതിയാണ് ഇത് ‘ എന്നാണ് എല്‍ കെ അദ്വാനി കുറിച്ചത്.

Back to top button
error: