Social MediaTRENDING

കെ സുരേന്ദ്രന്റെ വാദം തെറ്റ്; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളം നൽകിയത് 5519 കോടി രൂപ 

കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവനകൾ തെറ്റെന്നും, കേരളം പണം നൽകിയാതായും കേന്ദ്രസർക്കാർ രേഖാമൂലം സമ്മതിച്ചു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
NH66 ന്റെ ഭൂമി ഏറ്റെടുക്കലിനും വികസനപ്രവർത്തനങ്ങൾക്കുമായി കേരള സർക്കാർ എത്ര തുക ചിലവാക്കി എന്ന ചോദ്യത്തിന്, ഭൂമി ഏറ്റെടുക്കലിന്റെ 25% കേരളമാണ് വഹിക്കുന്നതെന്നും ഇതിനോടകം തന്നെ 5519 കോടി രൂപ കേരളാ ഗവണ്മെന്റ് ചിലവാക്കിയിട്ടുണ്ടെന്നും  മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
NH66 കടന്നു പോകുന്ന മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ ഒരു രൂപ പോലും ദേശീയപാത വികസനത്തിനായി ചിലവഴിച്ചിട്ടില്ല എന്നും ഉപരിതല ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള നിതിൻ ഗഡ്കരി നൽകിയ മറുപടിയിൽ പറയുന്നു.
കേരള സർക്കാർ ദേശീയപാതാ വികസനത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ വാദം.അതേപോലെ കാസർകോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തില്‍ 3500 കോടി രൂപ ചെലവഴിച്ച്‌ നിർമ്മിക്കുന്ന മലയോര ഹൈവേയും കേന്ദ്രത്തിന്റേതാണെന്നായിരുന്നു ബി.ജെ.പി വക്താക്കളായ ശ്രീജിത്ത് പണിക്കരും ഋഷി ഭഗ്രിയും എക്സില്‍ പങ്ക് വച്ചത്.

കിഫ്ബി ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മിക്കുന്ന പദ്ധതിയാണ് മലയോര ഹൈവേ. സംസ്ഥാനത്ത് 149.175 കിലോമീറ്റർ മലയോരഹൈവേ പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്. 296.09 കിലോമീറ്റർ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. 488.63 കിലോമീറ്റർ മലയോര ഹൈവേ പദ്ധതി ടെണ്ടർ നടപടികളിലുമാണ്.

2017 – 18 ലെ എല്‍.ഡി.എഫ് സർക്കാരിന്റെ ബജറ്റിലാണ് കേരളത്തില്‍ മലയോര ഹൈവേ പദ്ധതിയും തീരദേശ ഹൈവേ പദ്ധതിയും പ്രഖ്യാപിക്കുന്നത്. മലയോരഹൈവേക്കായി കിഫ്ബി വഴി 3500 കോടി രൂപയും വകയിരുത്തിയിരുന്നു.

Back to top button
error: