എളംകുളം മെട്രോ സ്‌റ്റേഷന് സമീപം പ്രവർത്തിക്കുന്ന സിറ ഇൻറർനാഷനല്‍ സ്ഥാപനത്തിന്റെ മാനേജർ നോർത്ത് പറവൂർ കൈതാരം സ്വദേശി ഉണ്ണിമായയെയാണ് (27) സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ ഭർത്താവും സ്ഥാപന ഉടമയുമായ ഷിനോയി ഒളിവിലാണ്. ഇയാള്‍ക്കായി സൗത്ത് പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
മാവേലിക്കര സ്വദേശിയില്‍ നിന്ന് 69,000 രൂപയും കൊല്ലം സ്വദേശിയില്‍ നിന്ന് 76,000 രൂപയും തട്ടിയെന്നാണ് കേസ്. ലണ്ടനിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റെടുത്ത് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.
യാത്രക്കാർ പറയുന്ന തിയതിയില്‍ നാലു ദിവസം മുമ്ബോ ശേഷമോ ടിക്കറ്റ് ബുക്ക് ചെയ്യും. ഇക്കാര്യം ചോദ്യം ചെയ്‌താല്‍ ടിക്കറ്റ് കാൻസല്‍ ചെയ്യേണ്ടി വരുമെന്ന് പറയും. കൊടുത്ത പണം ആവശ്യപ്പെട്ടാല്‍ കാൻസല്‍ ചെയ്‌ത് 70 ദിവസത്തിന് ശേഷമേ ലഭിക്കുകയുള്ളുവെന്നായിരിക്കും മറുപടിയെന്ന് പരാതിക്കാർ പറയുന്നു. അല്ലെങ്കില്‍ 50 ശതമാനം തുകയേ തിരിച്ചു കിട്ടൂ എന്നും പറയും. ചിലരോട് ഒരു രൂപ പോലും തിരികെ കിട്ടില്ലെന്നും പറഞ്ഞിരുന്നു. കൂടുതല്‍ പണം നല്‍കിയാല്‍ ആവശ്യപ്പെട്ട സമയത്ത് ടിക്കറ്റ് നല്‍കാമെന്ന വാഗ്‌ദാനവും ഇവർ നല്‍കിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
ഇരുപതോളം പരാതികളാണ് ഇവരുടെ പേരിലുള്ളത്. നാലു പരാതികളില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.