CrimeNEWS

സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിക്കെതിരെ മെഗാഫോണിലൂടെ അസഭ്യം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തു. സഹോദരന്‍ കസ്റ്റഡില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന വ്യക്തിയാണ് ശ്രീജിത്ത്.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇരിക്കുന്ന കെട്ടിടത്തിലേക്ക് നോക്കിയായിരുന്നു ശ്രീജിത്തിന്റെ അസഭ്യവര്‍ഷം. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയായിരുന്നു ശ്രീജിത്ത് ഉപയോഗിച്ചത്. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നവരെയും മാധ്യമപ്രവര്‍ത്തകരെയും സാധാരണ ശ്രീജിത്ത് അസഭ്യം പറയാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ശ്രീജിത്ത് മൈക്രോഫോണില്‍ സ്ഥിരമായി സര്‍ക്കാരിനെയും പൊലീസിനെയും ഉദ്യോഗസ്ഥരെയുമൊക്കെ അധിക്ഷേപിക്കുന്നത് നിത്യസംഭവമാണ്. എന്നാല്‍ മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് കേട്ടു നിന്നവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് തെളിവായെടുത്താണ് കേസെടുത്തത്.

ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് ആരോപിക്കുന്നു. സഹോദരന്‍ ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിത്ത്. പിന്തുണ അറിയിച്ചെന്നല്ലാതെ നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചതത്രേ.

പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കേസ് അന്വേഷിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം തള്ളി സിബിഐ കത്ത് നല്‍കുകയും ചെയ്തു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.

ശ്രീജീവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് അന്നത്തെ പാറശ്ശാല സിഐ ഗോപകുമാറും എഎസ്‌ഐ ഫീലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഇതിന് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപ ചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയ്യാറാക്കിയ എസ്ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശ്രീജിത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യം മുന്നോട്ടുവച്ചത്.

 

 

 

Back to top button
error: