മലപ്പുറം: കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം. രണ്ടര വയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് കാളികാവ് ചാഴിയോടിലെ തൊണ്ടിയില്‍ ജുനൈദി(30)നെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദനത്തിനിരയായ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പാടുള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്ളതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് പൂങ്ങോട് നാലുസെന്റ് കോളനിയിലെ ഫര്‍ഷാനയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.
മാര്‍ച്ച് 21-നാണ് ജുനൈദ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. പൂങ്ങോട് നാലുസെന്റിലെ മാതാവിന്റെ വീട്ടില്‍നിന്നും ജുനൈദ് രണ്ടര വയസുള്ള കുട്ടിയെയും ഒരു വയസുള്ള കുട്ടിയേയും ബൈക്കില്‍ കയറ്റി കാളികാവ് ചാഴിയോട്ടിലെ വീട്ടിലേക്ക് പോന്നു. ചെറിയ കുട്ടികളെ ബൈക്കില്‍ കയറ്റി പോയപ്പോള്‍ തന്നെ അപകടഭീതി തോന്നി പോലീസില്‍ വിളിച്ചു പരാതിപ്പെട്ടുവെന്ന് മാതാവ് പറഞ്ഞു. ഒരു മണിക്കൂറിനകം കുട്ടികളുമായി തിരിച്ചെത്തി. രണ്ടര വയസുകാരി തളര്‍ന്ന നിലയിലായിരുന്നുവെന്ന് മാതാവും മുത്തശ്ശിയും പറഞ്ഞു.
ഉപ്പ മര്‍ദിച്ചുവെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും കുട്ടിക്ക് വീണ്ടും അവശത തോന്നിയതിനെ തുടര്‍ന്ന് കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൂന്നു ദിവസമായിട്ട് കുട്ടി മെഡിക്കല്‍ കോളേജിലെ നാലാം വാര്‍ഡില്‍ ചികിത്സയിലാണ്. കുട്ടിയുടെ ചുമലിന് താഴെ ഭാഗത്ത് എല്ലിന് പൊട്ടല്‍ സംഭവിച്ചതായും പറയുന്നുണ്ട്. കുഞ്ഞിന്റെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റ പാടുകളുണ്ടെന്നും മാതാവ് ആരോപിച്ചു.
ബാലനീതി വകുപ്പടക്കം ചുമത്തിയാണ് ജുനൈദിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഭാര്യയെയും കുഞ്ഞിനെയും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ദിവസങ്ങള്‍ക്ക് മുന്‍പാണ് കാളികാവില്‍ പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മറ്റൊരു രണ്ടരവയസ്സുകാരി കൊല്ലപ്പെട്ടത്. കാളികാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ്(24) ആണ് രണ്ടരവയസ്സുള്ള മകളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ഞെട്ടല്‍മാറും മുന്‍പേയാണ് സമാനരീതിയില്‍ മറ്റൊരു കുഞ്ഞിന് നേരേയും അതിക്രമമുണ്ടായിരിക്കുന്നത്.