KeralaNEWS

ബിജെപി ഭരണത്തില്‍ ജനം ഭയത്തില്‍; ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയമെന്ന് പിണറായി

തിരുവനന്തപുരം: ബിജെപി ഭരണത്തില്‍ ജനം ഭയത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം നടക്കുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെയാകെ തകര്‍ക്കാനുള്ള നീക്കം നടത്തുകയാണ്. അതിനു മുന്നില്‍ നിസംഗത പാലിക്കാന്‍ പാടില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയമാണ്. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. കേരളത്തില്‍ ജയിച്ചുവരാന്‍ കഴിയുന്ന ഒരു ശക്തിയല്ല ബിജെപി. അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ അതേ തിരിച്ചടി ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”മതനിരപേക്ഷതയുടെ വിളനിലമായ നമ്മുടെ നാട് ബിജെപിയെ അംഗീകരിക്കില്ല. ഈ നാടിനു ചേരുന്ന നിലപാടും നയവുമല്ല ബിജെപിക്കുള്ളത്. നേരത്തെ തന്നെ ബിജെപിയെ ജനങ്ങള്‍ ഇവിടെ തിരസ്‌കരിച്ചതാണ്. അതു നല്ല നിലയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്നാല്‍ ഇവിടെ ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ മതിയെന്ന് പറയുന്ന ഒരു കൂട്ടരാണ് യുഡിഎഫ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയമാണ് നേടിയത്. അന്ന് എല്‍ഡിഎഫിനു കനത്ത തിരിച്ചടിയും ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ കേരളം ആഗ്രഹിച്ച ഒരു വികസനവും യുഡിഎഫ് എംപിമാര്‍ക്ക് നടത്താന്‍ സാധിച്ചില്ല”- മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

രാജ്യത്തിന്റെ ഐക്യവും ഒരുമയും അപകടപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങേയറ്റം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ തിരഞ്ഞെടുപ്പ് മതനിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി നിലപാട് എടുക്കുകയെന്നാണ് ജനം ആകെ ചിന്തിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യവ്യാപകമായി ഉയര്‍ന്നുവന്നിട്ടുള്ള കാര്യം. രാജ്യം ആ ഒരു വികാരത്തിലാണ് നീങ്ങുന്നത്. അതിനാലാണ് സംസ്ഥാനങ്ങള്‍ തോറും വിപുലമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത്. തങ്ങളെ പരാജയപ്പെടുത്താനാകില്ലെന്ന ചിന്തയിലാണ് ബിജെപി. നരേന്ദ്രമോദി അത്തരത്തില്‍ പരാജയപ്പെടാനുള്ള ഒരാളല്ലെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Back to top button
error: