IndiaNEWS

ഗുണ്ടാത്തലവനായ മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി തടവില്‍ മരിച്ചു; യുപിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു, നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലഖ്നൗ: ഗുണ്ടാത്തലവനും ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി (63) അന്തരിച്ചു. ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള അന്‍സാരി 2005 മുതല്‍ ജയിലിലായിരുന്നു.

യുപിയിലെ ബാന്ദ ജയിലിലായിരുന്ന മുഖ്താര്‍ അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയായിരുന്നു മരണം. വ്യാഴാഴ്ച രാത്രി 8.35 ഓടെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

അതേസമയം, മുക്താര്‍ അന്‍സാരിയുടെ മരണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു, നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാണ്ട, ഗാസിപൂര്‍, മവു, വാരാണസി തുടങ്ങിയ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വ്യന്യസിച്ചു. ഫിറോസബാദ് ഉള്‍പ്പടെയുള്ള ചില പ്രദേശങ്ങളില്‍ പോലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തി.

മുക്താര്‍ അന്‍സാരിയുടെ മൃതദേഹം ഇന്ന് (വെള്ളി) പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങുന്ന പാനലിന് രൂപം നല്‍കിയിട്ടുണ്ട്. മുക്താര്‍ അന്‍സാരിയെ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചിട്ടുണ്ട്. കോടതിയെ സമീപിക്കുമെന്നും ഉമര്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലായി 61 ക്രിമിനല്‍ കേസുകളില്‍ അന്‍സാരി പ്രതിയാണ്. ബി.ജെ.പി. എം.എല്‍.എ. കൃഷ്ണനാഥ് റായിയെ കൊന്ന കേസില്‍ 10 വര്‍ഷം തടവ് ലഭിച്ചിരുന്നു. രണ്ട് തവണ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ബാനറിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമായിരുന്നു അദ്ദേഹം എംഎല്‍എ ആയത്. 2014-ല്‍ വാരാണസിയില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Back to top button
error: