IndiaNEWS

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വരും? ജയിലില്‍നിന്നു ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ലഫ്.ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന. സര്‍ക്കാരിനെ ജയിലില്‍നിന്നു ഭരിക്കാന്‍ അനുവദിക്കില്ലെന്നു ഗവര്‍ണര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണു ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘സര്‍ക്കാര്‍ ജയിലില്‍നിന്നു ഭരിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.” -ഗവര്‍ണര്‍ പറഞ്ഞു.

മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഭരണം തുടരുമെന്നാണ് എഎപി നേതൃത്വം പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ കേജ്രിവാളിന്റെ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്നുച്ചയ്ക്കു 2നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.

കേജ്രിവാളിനെ അറസ്റ്റ് ചെയ്തനടപടികളില്‍ ഇടപെടാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തു കേജ്രിവാള്‍ നല്‍കിയ ഹര്‍ജിയിലും ഇടക്കാലാശ്വാസം ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലും വാദം കേട്ട ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ ഇ.ഡിക്കു നോട്ടിസ് അയച്ചു. ഏപ്രില്‍ രണ്ടിനകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ച കോടതി വിഷയം ഏപ്രില്‍ മൂന്നിലേക്കു മാറ്റി. ഹര്‍ജിയില്‍ അന്ന് അന്തിമതീര്‍പ്പുണ്ടാകുമെന്നും അറിയിച്ചു.

അറസ്റ്റിനെതിരെ കേജ്രിവാള്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പു നല്‍കിയില്ലെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു വാദിച്ചു. 23നു നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണു ലഭിച്ചതെന്ന് പറഞ്ഞു. കേജ്രിവാളിനു വേണ്ടി ഒന്നിലേറെ അഭിഭാഷകര്‍ ഹാജരാകുന്നതിനെയും അദ്ദേഹം എതിര്‍ത്തു.

Back to top button
error: