കൊച്ചി: മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. എക്‌സാലോജിക് അടക്കം ഇ.ഡി അന്വേഷണ പരിധിയില്‍ വരും. കുറച്ചുദിവസങ്ങളായി ഇ.ഡി ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്.
മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തുടരന്വേഷണമാകാം എന്ന നിഗമനത്തിലെത്തിയതോടെയാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. വീണ വിജയന്റെ എക്‌സാലോജിക് കമ്പനി, സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നിവര്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി പരിശോധിക്കും.
ഇ.ഡിയുടെ മാത്രമല്ല സിബിഐയുടെ കടന്നുവരവും കേസില്‍ അനിവാര്യമാണെന്ന് പരാതി നല്‍കിയ ഷോണ്‍ ജോര്‍ജ് പറഞ്ഞു. വന്‍തുകകളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) നോട്ടിസ് അയച്ചിരുന്നു. എക്‌സാലോജിക് സൊലൂഷന്‍സും കെഎസ്‌ഐഡിസിയും നല്‍കിയ ഹര്‍ജികളില്‍ അന്വേഷണം നടക്കട്ടെ എന്നു കോടതികള്‍ നിലപാടെടുത്തതോടെയാണ് എസ്എഫ്‌ഐഒ തുടര്‍നടപടികളിലേക്കു കടന്നത്. കേരളത്തില്‍ മാത്രം 12 സ്ഥാപനങ്ങള്‍ക്കാണു നോട്ടീസ് ലഭിച്ചത്.