ഗുവാഹാട്ടി: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് തോൽവി.ആദ്യ പകുതിയിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളിൽ എഴുപതു മിനിറ്റുവരെ മുന്നിട്ടുനിന്ന ഇന്ത്യ, പിന്നീടുള്ള സമയങ്ങളിൽ രണ്ട് ഗോൾ വഴങ്ങി തോൽവിയേറ്റുവാങ്ങുകയായിരുന്നു.
സുനിൽ ഛേത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇന്ന് നടന്നത്. 37-ാം മിനിറ്റിൽ തന്നെ ഗോൾ നേടി ഛേത്രി അത് ആഘോഷവുമാക്കി. 36-ാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി, ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു.
വലതുവശത്തുനിന്ന് ഛേത്രിയെ ലക്ഷ്യമാക്കി മൻവീർ സിങ് നൽകിയ ക്രോസ് അഫ്ഗാൻ താരം അമിരി കൈകൊണ്ട് തടുത്തതോട റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് അഫ്ഗാനിസ്ഥാൻ പോസ്റ്റിന്റെ വലതുമൂലയിൽച്ചെന്ന് തറച്ചതോടെ ഇന്ത്യ 1-0 ന് മുന്നിലായി.
എന്നാൽ രണ്ടാം പകുതിയുടെ 70-ാം മിനിറ്റിൽ അഫ്ഗാനിസ്താൻ തിരിച്ചടിച്ചു.അഫ്ഗാൻ താരം റഹ്മത് അക്ബരി ഉതിർത്ത ഷോട്ട് ഇന്ത്യൻ ഗോളിയേയും കീഴടക്കി വലയിൽ പതിക്കുകയായിരുന്നു.(1-1)
88-ാം മിനിറ്റിൽ അഫ്ഗാൻ മുന്നേറ്റ താരത്തെ ബോക്സിനകത്ത് തടയാൻ ശ്രമിച്ചതിന് ഇന്ത്യൻ ഗോളി ഗുർപ്രീത് സിങ് സന്ധു മഞ്ഞക്കാർഡും പെനാൽറ്റിയും വഴങ്ങിയതോടെയായിരു
റെഗുലർ സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ, ഗുവാഹാട്ടിയിലെ ഗാലറിയിൽ നിറഞ്ഞ ഇന്ത്യക്കാരെ മുഴുവൻ നിരാശരാക്കി അഫ്ഗാൻ മുന്നിലെത്തി (2-1).
നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ഇന്ത്യയെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ട് മത്സരങ്ങളിലും അഫ്ഗാനിസ്താനെ തോൽപ്പിക്കാനായില്ല എന്ന നാണക്കേട് ബാക്കിയായി. അഫ്ഗാനിസ്താനെതിരായ ആദ്യ പാദ മത്സരത്തിൽ ഇന്ത്യ ഗോൾരഹിത സമനില വഴങ്ങിയിരുന്നു.സൗദിയിൽ വച്ചായിരുന്നു മത്സരം.