മോസ്‌കോ: ക്രസ്നയാര്‍സ്‌കിലെ ക്രോകസ് സിറ്റി ഹാളില്‍ സംഗീതപരിപാടിക്കിടെ വെടിവയ്പു നടത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടന. ഐഎസ് അഫ്ഗാന്‍ ഘടകം റഷ്യന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനു പിന്നാലെ, യുക്രെയ്‌ന് സംഭവവുമായി ബന്ധമില്ലെന്ന് യുഎസ് പറഞ്ഞു.
മോസ്‌കോയ്ക്ക് അടുത്തുള്ള ക്രസ്നയാര്‍സ്‌കിലെ വെടിവയ്പിനു ശേഷം അക്രമികള്‍ യുക്രെയ്‌നിലേക്ക് കടക്കാന്‍ ശ്രമിച്ചെന്ന റഷ്യയുടെ വാദത്തെ തുടര്‍ന്നാണ് യുഎസ് രംഗത്തെത്തിയത്. നാല് അക്രമികളെയും പിടികൂടിയത് യുക്രെയ്‌നിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനാണു പറഞ്ഞത്. അക്രമികള്‍ക്കായി യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സഹായം ഒരുക്കിയിരുന്നെന്നും ആരോപിച്ചിരുന്നു.
കുറ്റം യുക്രെയ്‌ന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണു പുട്ടിന്‍ നടത്തുന്നതെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഇതിനിടെ, റഷ്യന്‍ ഉദ്യോഗസ്ഥര്‍ അക്രമികളെ അറസ്റ്റു ചെയ്യുന്നതിന്റെ വീഡിയോകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഭീകരാക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടതിന്റെ ദുഃഖാചരണം റഷ്യയില്‍ ഉടനീളം നടന്നു. റഷ്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ പതാക താഴ്ത്തി.