ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മാഞ്ചസ്റ്റർ സിറ്റി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ എന്നിവക്ക് പുറമെ ബ്രസീലിയൻ ഫുട്ബോൾ ക്ലബായ ബോട്ടഫോഗോയും കൊളംബിയൻ ക്ലബായ മില്ലോനാറിയോസുമാണുള്ളത്. ഇന്ത്യയിൽ നിന്നും ഐപിഎൽ ക്ലബുകളായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നിവരും വിവിധ ഗ്രൂപ്പുകളിലുണ്ട്.
ആരാധകരെ കേന്ദ്രീകരിച്ചു നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആരാധകരുടെ പിന്തുണ തന്നെയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ സീസണിൽ ഇന്ത്യയിലെ ഐപിഎൽ ക്ലബായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ട്വിറ്റർ ലോകകപ്പിൽ വിജയികളായത്. അതിനു മുൻപ് തുർക്കിഷ് ക്ലബായ ഫെനർബാഷെ ആയിരുന്നു.
സോഷ്യൽ മീഡിയയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ സജീവമായി ഇടപെടുന്നതു കൊണ്ടാണ് ക്ലബ് ഗ്രൂപ്പിൽ ഉൾപ്പെട്ടത്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകപിന്തുണക്കുള്ള അംഗീകാരം കൂടിയാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ അൽ നസ്ർ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകളെ ആരാധകർക്ക് മറികടക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നതിൽ സംശയമില്ല.