യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമയില്‍ ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായർ ആചരിക്കും.പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും.
പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകള്‍ വഹിച്ചുള്ള പ്രദക്ഷിണം, കുർബാന, വചനസന്ദേശം എന്നിവയുണ്ടാവും. ഓശാന എന്നാല്‍ സ്തുതിപ്പ് എന്നർഥം. ഹോശന്ന എന്ന എബ്രായ മൂലപദത്തില്‍നിന്നാണ് ഓശാന ഉണ്ടായത്.
കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലേമിലേക്ക് എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസമാണിന്ന്. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന യേശുവിനെ ഓശാന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ ഓർമ്മയ്കായിട്ടാണ് ഇന്നേദിവസത്തെ ഓശാന ഞായർ ആയി ആചരിക്കുന്നത്.