KeralaNEWS

ട്യൂഷന് വന്ന കുട്ടിയെ വളർത്തുനായ കടിച്ചു ;അദ്ധ്യാപികയ്ക്കെതിരേ കേസ്

മാരാരിക്കുളം: ട്യൂഷന് വന്ന കുട്ടിയെ വളർത്തുനായ കടിച്ച സംഭവത്തില്‍ അദ്ധ്യാപികയ്ക്കെതിരേ കേസ്. പത്തുവയസ്സുകാരിക്കാണ് കടിയേറ്റത്.

മാരാരിക്കുളം വടക്ക് മാപ്പിളപറമ്ബില്‍ ദേവികയെ പ്രതിയാക്കിയാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ 16-ാം തീയതി വൈകിട്ട് 6.55 ഓടെയാണ് സംഭവം.ലാബ്രഡോർ ഇനത്തില്‍പ്പെട്ട നായയാണ് ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ കുട്ടിയെ ആക്രമിച്ചത്.

കുട്ടിയുടെ അമ്മ കുട്ടിയെ വിളിക്കാൻ വന്നപ്പോള്‍ നായ ആക്രമിക്കുന്നതാണ് കണ്ടത്.ഇവരുടെ നിലവിളി കേട്ട്  ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്. കുട്ടിയുടെ വലതുകാലിലും കാല്‍പാദത്തിലും ഇടതുകാല്‍ മുട്ടിലും ഇടുപ്പിലും നായയുടെ കടിയേറ്റിട്ടുണ്ട്.

Signature-ad

നായ ആക്രമിച്ചപ്പോള്‍ രക്ഷിക്കാൻ വൈകിയതാണ് പരാതിക്ക് ഇടയാക്കിയത്. വീട്ടിലുള്ളവർക്കും നായയെ പേടിയാണെന്ന വിശദീകരണം കേട്ടപ്പോഴാണ് രക്ഷകർത്താക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പതിവായി ട്യൂഷന് പോയിരുന്ന വീട്ടിലാണ് സംഭവം.

മൃഗങ്ങളെ അശ്രദ്ധമായി വളർത്തുന്നതിന് ഇന്ത്യൻ ശിക്ഷാനിയമം 289 വകുപ്പ് പ്രകാരവും അശ്രദ്ധകാരണം അപകടം വരുത്തിയതിന് 336 വകുപ്പ് പ്രകാരവും മുറിവേല്‍പ്പിച്ചതിന് 337 വകുപ്പ് പ്രകാരവുമാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Back to top button
error: