സാവോ പോളോ: 56 വര്‍ഷം പഴക്കമുള്ള ഭ്രൂണം വയറില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ 81 കാരി മരിച്ചു. ബ്രസീല്‍ സ്വദേശിയായ ഡാനിയേല വെറ ആണ് മരിച്ചത്. ഏഴുകുട്ടികളുടെ അമ്മയാണ് മരിച്ച ഡാനിയേല. എന്നാല്‍, തന്റെ വയറ്റില്‍ ഒരു ഭ്രൂണമുണ്ടെന്ന കാര്യം അവര്‍ അറിഞ്ഞിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലപ്പോഴായി വയറുവേദന അനുഭവപ്പെടുകയും നിരവധി തവണ ഡോക്ടര്‍മാരെ കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഡാനിയേലയുടെ വയറ്റിലെ ജീവനില്ലാത്ത ഭ്രൂണത്തെ കണ്ടെത്താനായില്ല.
അതിനിടെയാണ് അവര്‍ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ചികിത്സ തേടിയപ്പോഴും ഭ്രൂണത്തെക്കുറിച്ച് യാതൊരു സൂചനയും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. പകരം അണുബാധക്കുള്ള മരുന്നാണ് അവര്‍ക്ക് നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് ഇവരുടെ വയറ്റില്‍ അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ഭ്രൂണമുണ്ടെന്ന് (സ്റ്റോണ്‍ ബേബി) കണ്ടെത്തിയത്. വയറിനുള്ളില്‍ വെച്ച് തന്നെ ജീവന്‍ നഷ്ടമായ ഭ്രൂണം പിന്നീട് കാല്‍സ്യ നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്ന അവസ്ഥയാണ് ‘സ്റ്റോണ്‍ ബേബി’. കല്ലിന് സമാനമാകുന്ന ഭ്രൂണം ‘ലിത്തോപീഡിയന്‍’ എന്നാണ് അറിയപ്പെടുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തുടര്‍ന്ന് ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും അണുബാധയെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡാനിയേല മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.