വടകര: ദൈനംദിന അനുഭവങ്ങൾ വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് ഡയറിയിൽ എഴുതുന്നു. അവർക്കറിയാത്ത അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെ രക്ഷിതാക്കൾ പേന കൊണ്ടെഴുതി പൂരിപ്പിക്കുന്നു. രക്ഷിതാക്കൾക്ക് കഴിയാത്തതുണ്ടെങ്കിൽ പിറ്റേ ദിവസം ടീച്ചർ സഹായിക്കുന്നു. അങ്ങനെ സ്വകാര്യ ഡയറി സംയുക്ത ഡയറിയായി അക്ഷര, ഭാഷാപഠനം രസകരമായി നടക്കുന്നു.
വടകര സബ്ജില്ലയിലെ പാലയാട് എൽ. പി സ്ക്കുൾ ഒന്നാം ക്ലാസ് അധ്യാപികയായ സുസ്മിത തുടങ്ങിവെച്ചത് കേരളം ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും അവധിക്കാല അദ്ധ്യാപക പരിശീലനത്തിലൂടെ സംയുക്ത ഡയറി സംസ്ഥാനത്താകെ ഈ വർഷം നടപ്പാക്കിയിരുന്നു. ഇതെത്ര മാത്രം വലിയ വിജയമായി എന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോട്ട് നടന്ന ‘ഒന്നാന്തരം ഒന്ന്’ എന്ന പരിപാടി. നൂറിലധികം സ്കൂളിൽ നിന്നുള്ള അധ്യാപകരാണ് അവരുടെ കുട്ടികളുടെ ഡയറിയുമായി പരിപാടിക്കെത്തിയത്. തുടക്കമാസങ്ങളിൽ പെൻസിലെഴുത്തുകൾ കുറവും പേനയെഴുത്തുകൾ കൂടുതലുമായിരുന്നെങ്കിൽ അധ്യയന വർഷം അവസാനമാവുമ്പോഴേക്കും അത് നേർവിപരീതമായി മാറുന്നതിൻ്റെ നേർക്കാഴ്ചകളായിരുന്നു എല്ലാ ഡയറികളും. 25 ഓളം ഒന്നാം ക്ലാസുകാരും വന്നിരുന്നു തത്സമയ പെർഫോമൻസ് കാഴ്ചവെക്കാൻ !
സ്കൂളിൽ നടക്കുന്ന കാര്യങ്ങളോ കുട്ടികളുടെ പഠനനിലവാരമോ മനസിലാക്കാൻ മിനക്കെടാതെ അധ്യാപനം കേവലം ഉപ ജീവനമായി കരുതുന്നവർ കണ്ടു പഠിക്കട്ടെ ഈ മാതൃകകൾ …
സംശയമില്ല ഈ കുട്ടികൾ പൊളിയാണ്,
അവരുടെ ടീച്ചർമാരും.