IndiaNEWS

തൊഴിലവസരങ്ങളുടെ ചാകര, നിരവധി സ്വിസ് കമ്പനികൾ ഇന്ത്യയിലേക്ക് വരുന്നു

      പ്രമുഖ ചോക്ലേറ്റ് നിർമാണ കമ്പനിയായ ബാരി കാലെബട്ട് ഗ്രൂപ്പും ടെക്നോളജി വിദഗ്ധരായ  ബ്യൂലറും ഉൾപ്പെടെ നിരവധി സ്വിസ് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങുന്നു. സ്വിറ്റ്‌സർലൻഡിൻ്റെ സാമ്പത്തിക കാര്യ മന്ത്രി ഹെലൻ ബഡ്‌ലിഗറാണ് ഇക്കാര്യം അറിയിച്ചത്. 2025 ഓടെ ഇന്ത്യയിൽ ഏകദേശം 3,000 ഇലക്ട്രിക് ബസുകൾ നിർമ്മിക്കാൻ എച്ച്ഇഎസ്എസ് ഗ്രീൻ മൊബിലിറ്റി  ഉദ്ദേശിക്കുന്നതായും ബഡ്‌ലിഗർ പറഞ്ഞു. ഇതിനായി അടുത്ത ആറ് മുതൽ എട്ട് വർഷത്തിനുള്ളിൽ 110 മില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപം നടത്തും.

ചോക്ലേറ്റ് നിർമാതാക്കളായ ബാരി കാലെബോട്ട് ഗ്രൂപ്പ് 2024 ഓടെ ഇന്ത്യയിൽ തങ്ങളുടെ മൂന്നാമത്തെ നിർമാണ യൂണിറ്റ് ആരംഭിക്കാൻ തയ്യാറാണെന്ന് സാമ്പത്തിക കാര്യ മന്ത്രി പറഞ്ഞു. ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപം അഞ്ച് കോടി ഡോളർ കവിയും. അതുപോലെ, ടെക്‌നോളജി ഗ്രൂപ്പായ ബ്യൂലർ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 23 മില്യൺ ഡോളർ അധികമായി നിക്ഷേപിക്കും. ഇന്ത്യയിൽ നിക്ഷേപം നടത്താൻ മറ്റ് നിരവധി സ്വിസ് കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. ഇതുവഴി അനവധി തൊഴിലവസരങ്ങൾക്കും സാധ്യതയുണ്ട്.

ഇന്ത്യയും നാല് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഇഎഫ്‌ടിഎയും (EFTA) മാർച്ച് 10 ന് വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) ഒപ്പുവച്ചിരുന്നു. ഈ രാജ്യങ്ങളിൽ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവ ഉൾപ്പെടുന്നു. കരാർ പ്രകാരം അടുത്ത 15 വർഷത്തിനുള്ളിൽ ഇഎഫ്‌ടിഎ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്ക് 100 ബില്യൺ ഡോളറിൻ്റെ നിക്ഷേപം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാർ വഴി രാജ്യത്ത് 10 ലക്ഷത്തോളം തൊഴിലവസരങ്ങൾക്കും വഴിയൊരുങ്ങും. ടിഇപിഎയ്ക്കുള്ള പാർലമെൻ്റിൻ്റെ അംഗീകാര നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സ്വിറ്റ്സർലൻഡ് അറിയിച്ചു.

Back to top button
error: