മാഹി: മഹത്തായ സാംസ്ക്കാരിക പൈതൃകമുള്ള, വികസന വഴിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മയ്യഴിയെ വികലമായി ചിത്രീകരിച്ച് മയ്യഴി ജനതയെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച് ബി.ജെ.പി നേതാവ് പി.സി ജോർജ് കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മാഹി എം എൽ എ രമേശ് പറമ്പത്ത് പ്രസ്താവിച്ചു.
നാവിൽ വരുന്നതെന്തും പുലമ്പുന്ന പി.സി ജോർജ് മയ്യഴിയിലെ സ്ത്രീ സമൂഹത്തെയടക്കം ജനങ്ങളെയാകെ അപമാനിച്ചിരിക്കയാണ്. ഈ കാര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും, രാത്രികാലങ്ങളിൽ ഇതു വഴി യാത്ര ചെയ്യാനാവില്ലെന്നും, ഗുണ്ടകളും റൗഡികളും, തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നുമാണ് പി.സി ജോർജ് പ്രസംഗിച്ചത്. സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരും, കലാ-സാംസ്ക്കാരിയ-സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയവരുമായ വനിതകൾ മയ്യഴിയിലുണ്ടെന്നും, ഫ്രഞ്ച് ഭരണകാലത്തു തന്നെ വിദ്യാസമ്പന്നരായിരുന്നു മയ്യഴിയിലെ സ്ത്രീകളടക്കമുള്ളവരെന്നും ചരിത്രത്തിൽ കണ്ണോടിച്ചാൽ മാത്രം വായിക്കാൻ പി.സി ജോർജിന് കഴിയേണ്ടതാണ്.
സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ നിയമ നടപടികളുമായി കോൺഗ്രസ്സ് മുന്നോട്ട് പോകുമെന്ന് എം എൽ എ പറഞ്ഞു.
ഇതേ സമയം പൊതുവേദിയില്‍ മാഹിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ കേസ് എടുത്ത് മാഹി പൊലീസ്.
കോഴിക്കോട് നടന്ന എംടി രമേശിന്റെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു മാഹിയിലെ ജനങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പിസി ജോര്‍ജ് സംസാരിച്ചത്.
കോഴിക്കോട്- കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോള്‍ മാഹിയിലെ റോഡുകള്‍ മോദി സുന്ദരമാക്കി മാറ്റി.’ പി.സി ജോര്‍ജ് പറഞ്ഞു.
ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന പിസി ജോര്‍ജ്ജിനെ പോലുള്ളവരെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിർത്താൻ ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും രമേശ് പറമ്പത്ത് എം.എൽ.എ ആവശ്യപ്പെട്ടു.