തിരുവനന്തപുരം: കാട്ടാക്കട കീഴാറൂരില്‍ ഉത്സവ പരിപാടിക്കിടെയുള്ള നൃത്തം വിലക്കിയതിന്റെ വൈരാഗ്യത്തില്‍ ലഹരിസംഘം ആര്‍.എസ്.എസ്. നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തിന്‍കാല ലൈനിന്‍ ജങ്ഷന്‍ കുന്നുവിള സുരേഷ് ഭവനില്‍ നിവിന്‍ എസ്.സാബു(29), കാട്ടാക്കട അമ്പലത്തിന്‍കാല തോട്ടരികത്ത് വീട്ടില്‍ കിരണ്‍കുമാര്‍(22), അമ്പലത്തിന്‍കാല സുജിത് ഭവനില്‍ വിശാഖ്(32) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആര്‍.എസ്.എസ്. പ്ലാവൂര്‍ മണ്ഡലം കാര്യവാഹക് പ്ലാവൂര്‍ തലയ്‌ക്കോണം വെട്ടുവിള പുത്തന്‍വീട്ടില്‍ വിഷ്ണു(25) വിനെയാണ് ചൊവ്വാഴ്ച രാത്രി 10.30-ഓടെ പ്രതി ഉള്‍പ്പെടുന്ന സംഘം ആക്രമിച്ചത്.
കീഴാറൂര്‍ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്ര ഘോഷയാത്രയ്ക്ക് അമ്പലത്തിന്‍കാലയില്‍ നല്‍കിയ വരവേല്‍പ്പിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിന്‍കാല ക്ഷേത്രത്തിന് മുന്നില്‍ വെച്ച് പ്രതികള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും തറയോടിന്റെ കഷണം കൊണ്ട് കുത്തുകയുമായിരുന്നു. നെറ്റിയിലും, മുതുകിലും കുത്തേറ്റ വിഷ്ണു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷ്ണുവിന്റെ മുതുകിലാകെ തറയോട് കഷണം കൊണ്ട് മുറിവേറ്റിട്ടുണ്ട്. കുത്ത് ആഴത്തിലുള്ളതാണ്.
കഴിഞ്ഞയാഴ്ച കുരുതംകോട് ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് തലയ്ക്കോണത്ത് നടന്ന ഗാനമേളയ്ക്കിടെ ഒരു സംഘം നൃത്തം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വിഷ്ണുവിന് നേരേ ആക്രമണം ഉണ്ടാകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ നിവിന്‍ ലഹരി മരുന്ന് കൈവശം വെച്ച കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിഞ്ഞയാളാണ്. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പ്രദേശത്തെ ലഹരിസംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറയുന്നു.
കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിനെ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി വി.മുരളീധരന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും എല്ലാ പ്രതികളെയും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.