IndiaNEWS

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി; അസമില്‍ മുസ്ലിം എം.എല്‍.എ കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം നിലനില്‍ക്കെ അസമില്‍ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപിയുടെ ന്യൂനപക്ഷ മുഖവും ആദ്യ ന്യൂനപക്ഷ എംഎല്‍എയുമായ അമിനുള്‍ ഹഖ് ലാസ്‌കര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അസം പ്രസിഡന്റ് ജിതേന്ദ്ര സിംഗ് അല്‍വാറിന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച്ചയാണ് അമിനുള്‍ കോണ്‍ഗ്രസില്‍നിന്ന് അംഗത്വം സ്വീകരിച്ചത്.

അസമില്‍ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടുവെന്ന് അമിനുള്‍ ഹഖ് പറഞ്ഞു.”ഞാന്‍ 13 വര്‍ഷമായി ബിജെപിക്കൊപ്പമായിരുന്നു, അന്നത്തെ ബിജെപിയും ഇപ്പോഴുള്ളതും വ്യത്യസ്തമാണ്. അക്കാലത്ത് ബിജെപി മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചത്.”-അമിനുള്‍ പറഞ്ഞു. തന്റെ ബിജെപിയില്‍ നിന്നുള്ള പുറത്തേക്കുള്ള വരവ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലുള്ള ഭരണകക്ഷിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബിജെപിയുടെ ആശയങ്ങള്‍ ഇപ്പോള്‍ ബദ്റുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫിന് സമാനമായി മാറുകയാണെന്നും ലാസ്‌കര്‍ പറഞ്ഞു. 2016ല്‍ ഞാന്‍ എംഎല്‍എയാവുമ്പോള്‍ ഈ പ്രദേശത്തെ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരേയൊരാള്‍ ഞാന്‍ മാത്രമായിരുന്നു. ബിജെപിയില്‍ നിന്ന് പുറത്തേക്ക് വന്നതോടെ അത് അസമിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ബിജെപിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അമിനുള്‍ കൂട്ടിച്ചേര്‍ത്തു.
അസമില്‍ ഇപ്പോള്‍ ബിജെപി എഐയുഡിഎഫുമായി കൈകോര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

2016 ലാണ് ആദ്യ ന്യൂനപക്ഷ എംഎല്‍എയായി അമിനുള്‍ ലാസ്‌കര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ലാസ്‌കര്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7 തീയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ വോട്ടെടുപ്പ് നടക്കുന്നത്.

 

 

Back to top button
error: