CrimeNEWS

ഭാര്യാപിതാവിനെ വഞ്ചിച്ച് 107 കോടി തട്ടിയ കേസ്; പ്രതിയുടെ അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു, പണം ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിച്ചു?

കൊച്ചി: ആലുവയില്‍ ഭാര്യാപിതാവിനെ വഞ്ചിച്ച് 107 കോടി തട്ടിയെടുത്ത കേസില്‍ പ്രതിയുടെ അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു. കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി മുഹമ്മദ് ഹാഫിസിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കേരളം ഉള്‍പ്പടെ മൂന്നു സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇ.ഡി. 1.6 കിലോ സ്വര്‍ണം, 12 ലക്ഷം രൂപ, ഏഴ് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.

അതേസമയം, നേരത്തേ കേസില്‍ ഇ.ഡിയും അന്വേഷണം തുടങ്ങിയിരുന്നു. ഹാഫിസുമായി ബന്ധപ്പെട്ട് ഗോവ, ബംഗളൂരു, കാസര്‍കോട് എന്നിവിടങ്ങളിലെ വീടുകളും ഓഫീസുകളും ഉള്‍പ്പെടെ ഏഴു കേന്ദ്രങ്ങളില്‍ മൂന്നുദിവസം റെയ്ഡ് നടത്തി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം വിനിയോഗിച്ചെന്ന സംശയത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്.

Signature-ad

ദുബായില്‍ വ്യവസായിയായ ആലുവ തൈനോത്തില്‍ റോഡില്‍ അബ്ദുള്‍ ലാഹിര്‍ ഹസനില്‍നിന്ന്, മരുമകനായ മുഹമ്മദ് ഹാഫിസ് പലപ്പോഴായി 107 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2017-ലാണ് ലാഹിര്‍ ഹസന്റെ മകളെ ഹാഫിസ് വിവാഹം കഴിച്ചത്. വിവാഹസമ്മാനമായി 1000 പവന്റെ ആഭരണങ്ങള്‍ നല്‍കിയിരുന്നു.

ഇ.ഡിയുടെ പേരുപറഞ്ഞായിരുന്നു തട്ടിപ്പിന്റെ തുടക്കം. തന്റെ കമ്പനിയില്‍ ഇ.ഡി. റെയ്ഡ് നടന്നുവെന്നും പിഴയടയ്ക്കാന്‍ 3.9 കോടി വേണമെന്നും ഹാഫിസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ലാഹിര്‍ ഈ തുക നല്‍കി. മഹാരാഷ്ട്രയിലെ മന്ത്രിയായ മംഗല്‍ പ്രഭാത് ലോധയ്ക്ക് കൊച്ചിയിലുള്ള ലാഹിറിന്റെ വാണിജ്യക്കെട്ടിടം വില്‍ക്കാമെന്നപേരില്‍ മന്ത്രിയുടെ വ്യാജക്കത്തുണ്ടാക്കി 47 കോടി തട്ടിയെന്ന പരാതിയുമുണ്ട്.

ബംഗളൂരു ബ്രിഗേഡ് റോഡില്‍ കെട്ടിടസമുച്ചയം വാങ്ങാന്‍ കോടികള്‍ നല്‍കിയതിന് പകരമായി ഭാര്യാപിതാവിന് വ്യാജരേഖകളാണ് നല്‍കിയതെന്ന പരാതിയുമുണ്ട്. ബുട്ടിക്ക് ഉടമയായ ഭാര്യയെ, ബോളിവുഡ് താരം സോനം കപൂറിനെന്നപേരില്‍ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈന്‍ ചെയ്യിപ്പിച്ച് പറ്റിച്ചെന്നും പരാതിയുണ്ട്.

ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടറും നാലു കമ്പനികളുടെ ഡയറക്ടറുമായ ഹാഫിസും അക്ഷയ് തോമസ് വൈദ്യന്‍ എന്ന സുഹൃത്തും ചേര്‍ന്നാണ് കബളിപ്പിച്ചതെന്ന് ലാഹിര്‍ ആലുവ പോലീസിന് പരാതിനല്‍കിയിരുന്നു.

ഹാഫിസിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌തെങ്കിലും 107 കോടി എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് പൂര്‍ണമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗോവ-കര്‍ണാടക ചുമതലയുള്ള ആദായനികുതി ചീഫ് കമ്മിഷണറുടെ വ്യാജ ലെറ്റര്‍ ഹെഡ് നിര്‍മിച്ച് പണം തട്ടിയ കേസില്‍ ഗോവ പോലീസും ഹാഫിസിനെ കഴിഞ്ഞവര്‍ഷം അറസ്റ്റുചെയ്തിരുന്നു. പണം എങ്ങോട്ടുപോയെന്ന് കണ്ടെത്താനാണ് ഇ.ഡി. കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഹാഫിസിനെയും തട്ടിപ്പില്‍ പങ്കുണ്ടെന്നു സംശയിക്കുന്നവരെയും ഉടന്‍ ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.

 

 

 

 

Back to top button
error: