CrimeNEWS

ഡോ. ഷഹ്‌നയുടെ ആത്മഹത്യ: റുവൈസിന് പഠനം തുടരാനാകില്ല

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹ്‌ന ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ.ഇ.എ.റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. റുവൈസ് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്‌ന ആത്മഹത്യ ചെയ്‌തെന്നാണ് കേസ്

കേസില്‍ നേരത്തെ ജാമ്യം ലഭിച്ച റുവൈസ്, പഠനം തുടരാന്‍ അനുവദിക്കണമെന്നും അതിന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പഠനം വിലക്കിയ ആരോഗ്യസര്‍വകലാശാല ഉത്തരവ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് സ്റ്റേ ചെയ്തു. ഈ ഉത്തരവിനെതിരെ പ്രിന്‍സിപ്പല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

Signature-ad

സിംഗിള്‍ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവാണെങ്കിലും ഫലത്തില്‍ കേസ് തന്നെ അവസാനിക്കുന്ന സ്ഥിതിയാണ് അതുണ്ടാക്കുന്നത് എന്ന് കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കുന്നതും അച്ചടക്ക നടപടിയായി ഏര്‍പ്പെടുത്തുന്ന സസ്‌പെന്‍ഷനില്‍ ഇടപെടുന്നതും രണ്ടാണ്. അന്വേഷണം അവസാനിക്കുന്നതിനു മുന്‍പ് ഒരു വിദ്യാര്‍ഥിയെ പുനഃപ്രവേശിപ്പിക്കുന്നത് സാക്ഷികളെയും മറ്റും സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥകള്‍ പോലും ലംഘിക്കാന്‍ ഇടയാക്കുമെന്ന് പ്രിന്‍സിപ്പല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ കോളജിലെ ഒരു വിദ്യാര്‍ഥി മരിച്ച ക്രിമിനല്‍ കേസിലെ പ്രതിയാണ് റുവൈസ്. അതേ ക്യംപസില്‍ തന്നെ പഠനം തുടരാന്‍ അനുവദിക്കണമെന്നാണ് റുവൈസ് ആവശ്യപ്പെട്ടത്. ഒട്ടേറെ വിദ്യാര്‍ഥികള്‍ റുവൈസിനെതിരെ മൊഴി നല്‍കിയിരുന്നു. കേസന്വേഷണം പൂര്‍ത്തിയായിട്ടില്ല. തങ്ങളുടെ സുഹൃത്ത് മരിച്ച നടുക്കത്തില്‍ നിന്ന് സഹപാഠികള്‍ പോലും മുക്തരായിട്ടില്ല. കോളജിനെ സംബന്ധിച്ചിടത്തോളം അവിടെയുള്ള വിദ്യാര്‍ഥികളുടെ അക്കാദമിക് താല്‍പര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനി ഡോ.ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും സഹപാഠിയുമായിരുന്നു കരുനാഗപ്പള്ളി സ്വദേശി ഇ.എ.റുവൈസ്. കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് റുവൈസിനെ കോളജില്‍നിന്ന് സസ്‌പെന്‍ഡ്‌ െചയ്തു. പിന്നാലെ, സസ്‌പെന്‍ഷന്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടാനും കോളജ് തീരുമാനിച്ചു. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു.

Back to top button
error: