സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളികളിൽ അഞ്ചിലും തോറ്റു.ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫിൽ എത്താൻ സാധിക്കും എന്നിരിക്കെയാണിത്.
അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് ടീമിന് തിരിച്ചടിയായത്.ഇതിനൊപ്പം ജീക്സണ്‍ സിങ്, മാർക്കോ ലെസ്കോവിച്ച്, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു.
ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ്.സി.ക്ക് 19 കളിയില്‍ 21 പോയിന്റുണ്ട്.അതായത് ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തും.ഈ മാസം 30 ന്, ജംഷഢ് പൂര്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം.
എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്.ജംഷഢ് പൂര്‍ എഫ്സിക്കെതിരെയുള്ള മത്സരത്തിന് ശേഷം ഈസ്റ്റ് ബംഗാള്‍, നോർത്തീസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നീ ടീമുകള്‍ക്കെതിരെയും മഞ്ഞപ്പട കളിക്കും.ഇതിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം മാത്രമാണ് കൊച്ചിയിൽ നടക്കാനുള്ളത്.