തിരുവനന്തപുരം: വര്‍ക്കല മണമ്പൂരില്‍ ഭര്‍തൃഗൃഹത്തില്‍ ഗര്‍ഭിണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പേരേറ്റില്‍ കാട്ടില്‍ വീട്ടില്‍ ലക്ഷ്മി (അമ്മു 19) ആണ് മരിച്ചത്. മണമ്പൂര്‍ ശങ്കരന്‍മുക്കില്‍ ഭര്‍ത്താവിനോടെപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയിരുന്നു സംഭവം.
ഭര്‍ത്താവ് കിരണിന്റെ കുടുംബാംഗങ്ങളും ആ വീട്ടില്‍ താമസമുണ്ടായിരുന്നു. കിരണ്‍ ഓട്ടോ ഡ്രൈവറാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 11 മാസമായി. പ്രണയവിവാഹമായിരുന്നു. ലക്ഷ്മി ഒന്നരമാസം ഗര്‍ഭിണിയായിരുന്നു. ബിഎ ലിറ്ററേച്ചര്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.
തുടര്‍പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നതായും അതിലുണ്ടായ മനോവിഷമത്തെ തുടര്‍ന്ന് ലക്ഷ്മി ജീവനൊടുക്കിയതാണെന്നുമാണ് പ്രാഥമിക വിവരം. എഎസ്പി ദീപക് ധന്‍കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. കടയ്ക്കാവൂര്‍ പൊലീസ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.