ഡിസംബർ 14ന് തട്ടിയെടുത്ത മാള്‍ട്ട കപ്പല്‍ എം.വി.റുവൻ നാല് ദിവസമായി സൊമാലിയൻ തീരത്ത് ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണത്തിലായിരുന്നു. കടല്‍ കൊള്ളയ്ക്ക് മദർഷിപ്പായി ഉപയോഗിച്ചിരുന്ന ഈ കപ്പലില്‍ നിന്ന് ഇന്ത്യൻ നാവികർക്ക് നേരെ വെടിവയ്‌പ്പുണ്ടായെങ്കിലും ശനിയാഴ്ച രാത്രി മാർക്കോസ് സംഘം കപ്പലില്‍ കയറി 35 കൊള്ളക്കാരെയും കീഴടക്കി കപ്പലിനെയും ജീവനക്കാരെയും സ്വതന്ത്രമാക്കുകയായിരുന്നു.
കൊള്ളക്കാരെ അന്താരാഷ്ട്ര നിയമ നടപടികള്‍ക്ക് വിട്ടുകൊടുക്കും. 37,800 ടണ്‍ സ്റ്റീല്‍ ചരക്ക് വഹിക്കുന്ന കപ്പല്‍ പരിശോധനകള്‍ പൂർത്തിയാക്കി ഇന്ത്യയിലേക്ക് കൊണ്ടുവരും.
കമാൻഡോകളെ വ്യോമസേനയുടെ ഭീമൻ സി 17 ഗ്‌ളോബ് മാസ്റ്റർ വിമാനത്തില്‍ നിന്ന് 2600 കി.മീ അകലെയുള്ള സോമാലിയൻ തീരക്കടലിലെ കപ്പലിന് സമീപം സ്‌പെഷ്യല്‍ ബോട്ടുകള്‍ സഹിതം എയർ ഡ്രോപ്പ് ചെയ്യുകയായിരുന്നു.
ഡിസംബറിൽ ബള്‍ഗേറിയൻ കമ്ബനിക്കു കീഴിലുള്ള കപ്പലിൽ നിന്നും പരിക്കേറ്റ ജീവനക്കാരെ ഇന്ത്യൻ പടക്കപ്പലായ ഐ.എൻ.എസ് കൊച്ചി രക്ഷപ്പെടുത്തിയിരുന്നു.ഇതും കടൽക്കൊള്ളക്കാർ തട്ടിയെടുത്തതായിരുന്നു.